ചെങ്കോലിലെ മോഹൻലാലിൻറെ ഷോട്ട് റീടേക്ക് പോവാതിരിക്കാൻ ഔട്ട് ഓഫ് ഫോക്കസായി ആ സംവിധായകനെ നിർത്തിയിരുന്നു: സിബി മലയിൽ
Entertainment
ചെങ്കോലിലെ മോഹൻലാലിൻറെ ഷോട്ട് റീടേക്ക് പോവാതിരിക്കാൻ ഔട്ട് ഓഫ് ഫോക്കസായി ആ സംവിധായകനെ നിർത്തിയിരുന്നു: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 7th October 2024, 4:21 pm

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് സിബി മലയിൽ – ലോഹിതദാസ്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ തനിയാവർത്തനം ആയിരുന്നു ഈ കൂട്ടുകെട്ടിൽ പിറന്ന ആദ്യ ചിത്രം. ഒന്നാമത്തെ സിനിമയിലൂടെ തന്നെ ഏറെ ശ്രദ്ധ നേടാൻ ഇരുവർക്കും കഴിഞ്ഞു.

ശേഷം കിരീടം, ചെങ്കോൽ, ഭരതം, ദശരഥം തുടങ്ങി ഒന്നിച്ച ചിത്രങ്ങളെല്ലാം വലിയ വിജയത്തിനൊപ്പം കലാമൂല്യം കൊണ്ടും ചർച്ചചെയ്യപ്പെട്ടു. മോഹൻലാലിൻറെ ഗംഭീര പ്രകടനം കണ്ട ചിത്രങ്ങളിൽ ഒന്നായിരുന്നു ചെങ്കോൽ.

ഹോട്ടൽ മുറിയിൽ വെച്ച് സേതുമാധവൻ അച്ഛനെ കാണുന്ന വളരെ പ്രധാനപ്പെട്ട ഒരു സീൻ ചെങ്കോലിലുണ്ട്. ആ ഷോട്ടിൽ ഔട്ട് ഓഫ് ഫോക്കസായി ലോഹിതദാസും അഭിനയിച്ചിട്ടുണ്ടെന്ന് പറയുകയാണ് സിബി മലയിൽ.

സിനിമയിൽ വളരെ പ്രധാനപ്പെട്ട ഷോട്ടാണ് അതെന്നും അഭിനേതാക്കൾ അത്രയും സ്ട്രെയിനെടുത്ത് ചെയ്യേണ്ട ആ ഷോട്ട് റീടേക്ക് പോവരുതെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നുവെന്നും സിബി മലയിൽ പറയുന്നു. അതുകൊണ്ടാണ് കഥയെഴുതിയ ലോഹിതദാസിനോട് താൻ അഭിനയിക്കാൻ പറഞ്ഞതെന്നും സിബി മലയിൽ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചെങ്കോലിൽ ഒരു സീനിൽ ലോഹി വന്നുപോവുന്നുണ്ട്. അത് വളരെ പ്രധാനപ്പെട്ട ഒരു സീനാണ്. ഒരു നടനും സംവിധായകനും വളരെ കടുപ്പമേറിയ സീനാണത്. ഒരു ഹോട്ടലിൽ തിലകൻ ചേട്ടന്റെ മുറിയിൽ ചെന്ന് ലാൽ തട്ടി വിളിക്കുന്നതാണ് ഷോട്ട്. നിങ്ങളാണോ എന്റെയച്ഛൻ, നിങ്ങളെയാണോ ഞാൻ അച്ഛായെന്ന് വിളിച്ചതെന്ന് മോഹൻലാൽ ചോദിക്കണം.

അത് ചോദിച്ച് മോഹൻലാൽ കരഞ്ഞുകൊണ്ടിങ്ങനെ ഊർന്നിറങ്ങുന്നതാണ് ഷോട്ട്. സഹോദരിയെ മറ്റൊരു റൂമിൽ വെച്ച് കാണാൻ സാഹചര്യം ഉണ്ടാവുന്ന സീനിൽ ലാലിനൊപ്പം ക്യാമറയും താഴോട്ട് പോകണം. ഒരുപാട് കരഞ്ഞ് അത്രയും എഫേർട്ട് എടുത്ത് ചെയ്യേണ്ട സീനാണ്. ആ ഷോട്ട് ഒറ്റ ടേക്ക് മാത്രമേ പോകാവൂയെന്ന് എനിക്ക് നിർബദ്ധമുണ്ടായിരുന്നു.

കാരണം അഭിനേതാക്കൾ അത്രയും സ്‌ട്രെയിൻ എടുക്കേണ്ടി വരുമ്പോൾ അത്രയും ടേക്ക് കുറയ്ക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ടെക്നിക്കൽ മിസ്റ്റേക്ക് കൊണ്ട് ആ ഷോട്ട് വീണ്ടുമെടുക്കേണ്ടി വരരുതെന്നാണ് എന്റെ ആഗ്രഹം. മോഹൻലാലിൻറെ ശബ്‌ദം കേട്ടിട്ട് അടുത്ത റൂമിൽ നിന്ന് ഒരാൾ ഇറങ്ങി നോക്കണം.

വേറെയൊരാളെ അവിടെ നിർത്തിയാൽ അയാളുടെ ഒരു ചലനം ചിലപ്പോൾ മെയിൻ ഷോട്ടിൽ നിന്നുള്ള ശ്രദ്ധ മാറ്റിയേക്കാം. ഔട്ട് ഓഫ് ഫോക്കസിലാണെങ്കിൽ പോലും പരിചയമില്ലാത്ത ഒരാൾ നിന്നാൽ ആ ഷോട്ട് ചിലപ്പോൾ ഓക്കെയായില്ലെങ്കിലോ എന്ന് ഭയന്ന് ലോഹിയോട് ആ സീനിൽ അഭിനയിക്കാൻ പറഞ്ഞു.

ലോഹി നിന്നാൽ മതിയെന്ന് ഞാൻ പറഞ്ഞു. കഥ എഴുതിയ ആളാണല്ലോ. ആ സാഹചര്യം കൃത്യമായിട്ട് അറിയുന്ന ആളാണ്. അങ്ങനെയാണ് ആ ഷോട്ടിൽ ലോഹി ഔട്ട് ഓഫ് ഫോക്കസിൽ വന്ന് നിൽക്കുന്നത്,’ സിബി മലയിൽ പറയുന്നു.

Content Highlight: Sibi Malayil Talk About Chenkol Movie Scenes And Lohithadas