മലയാളത്തില് എവര്‍ഗ്രീന്‍ ഹിറ്റുകളിലൊന്നാണ് സിബി മലയിലിന്റെ സംവിധാനത്തില്‍ 1998 ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലഹേം. സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ജയറാം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലും എത്തിയിരുന്നു.
രഞ്ജിത്ത് തിരക്കഥയെഴുതിയ ചിത്രം നിര്‍മിച്ചത് കോക്കേഴ്‌സ് ഫിലിംസായിരുന്നു. വിദ്യാ സാഗറാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയത്.
അടുത്തിടെ സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന് വാര്‍ത്തകളും പുറത്ത് വന്നിരുന്നു. മഞ്ജു വാര്യരും ജയസൂര്യയും കേന്ദ്രകഥാപാത്രങ്ങളാകുന്ന മേരി ആവാസ് സുനോയുടെ ഓഡിയോ ലോഞ്ചില്‍ വെച്ച് നിര്‍മാതാവ് സിയാദ് കോക്കറാണ് ഇക്കാര്യം പറഞ്ഞത്.
ഇപ്പോഴിതാ സംവിധായകന്‍ സിബി മലയില്‍ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ പറ്റി മനസ് തുറക്കുകയാണ്. ഗംഭീരമായ ഒരു കഥ ഉണ്ടാവുകയാണെങ്കില്‍ സമ്മര്‍ ഇന്‍ ബത്‌ലഹേമിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് സിബി മലയില്‍ കാന്‍ചാനല്‍മീഡിയയോട് പറഞ്ഞു.
‘കുറച്ച് നാളുകള്‍ക്ക് മുമ്പ് സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ എന്നെ വിളിച്ചിരുന്നു. അടുത്ത വര്‍ഷം (2023) സമ്മര്‍ ഇന്‍ ബത്ലഹേം പ്രദര്‍ശനത്തിനെത്തിയിട്ട് 25 വര്‍ഷം തികയുകയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇതിനോടനുബന്ധിച്ച് ചിത്രത്തിലെ പാട്ടുകള്‍ റീമിക്സ് ചെയ്ത് ഒരു വീഡിയോ രൂപത്തിലാക്കി അവതരിപ്പിക്കുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സത്യത്തില്‍ അവിടെനിന്നാണ് സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ രണ്ടാംഭാഗം എന്നൊരു ആശയം രൂപപ്പെടുന്നത്. ഈ വിവരം നിര്‍മാതാവ് സിയാദ് കോക്കറിനോടും സൂചിപ്പിച്ചു. സിയാദ് തിരക്കഥാകൃത്ത് രഞ്ജിത്തിനെ വിളിച്ച് കാര്യം പറഞ്ഞു. നോക്കാമെന്ന് മാത്രമാണ് അദ്ദേഹവും പ്രതികരിച്ചത്.
സമ്മര്‍ ഇന്‍ ബത്‌ലഹേം പോലൊരു സിനിമയ്ക്ക് രണ്ടാംഭാഗം ഉണ്ടാകുന്നുവെങ്കില്‍ തീര്‍ച്ചയായും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ അതിനുമേല്‍ വെച്ചുപുലര്‍ത്തും. അതുകൊണ്ടുതന്നെ ആദ്യഭാഗത്തേക്കാളും ഗംഭീരമായൊരു കഥ അതിനുണ്ടാകണം. അങ്ങനെയൊരു കഥ ഉണ്ടായാല്‍ സമ്മര്‍ ഇന്‍ ബത്ലഹേമിനൊരു രണ്ടാംഭാഗം ഉണ്ടാകും. അല്ലെങ്കില്‍ അതൊരു സ്വപ്നമായി അവശേഷിക്കും,’ സിബി മലയില്‍ പറഞ്ഞു.
Content Highlight: sibi malayil about the possibility of summer in bethlahem second part