പ്രേമലുവിലും അമരനിലും പ്രണയത്തിനെതിര്; മെസേജിലൂടെ എനിക്ക് പുതിയൊരു പേരും വന്നു: ശ്യാം മോഹന്‍
Entertainment
പ്രേമലുവിലും അമരനിലും പ്രണയത്തിനെതിര്; മെസേജിലൂടെ എനിക്ക് പുതിയൊരു പേരും വന്നു: ശ്യാം മോഹന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th December 2024, 11:15 am

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ശ്യാം മോഹന്‍. 1991ല്‍ കിലുക്കം എന്ന പ്രിയദര്‍ശന്‍ സിനിമയില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും ‘പൊന്‍മുട്ട’ എന്ന യൂട്യൂബ് വെബ് സീരീസിലൂടെയാണ് ശ്യാം കൂടുതല്‍ പ്രശസ്തനാവുന്നത്.

2024ലെ വമ്പന്‍ ഹിറ്റ് ചിത്രമായ പ്രേമലുവിലെ ആദി എന്ന കഥാപാത്രത്തിലൂടെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സായ് പല്ലവി – ശിവകാര്‍ത്തികേയന്‍ ചിത്രമായ അമരനിലും ശ്യാം അഭിനയിച്ചിരുന്നു. പ്രേമലു മുതല്‍ക്ക് അമരന്‍ വരെ പ്രണയത്തില്‍ ഒരു നെഗറ്റീവ് ഷേഡ് വരുന്ന കഥാപാത്രമാണ് ശ്യാം മോഹന്റേത്.

തനിക്ക് ഇന്‍സ്റ്റഗ്രാമില്‍ വന്ന ഒരു മെസേജിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍. എല്ലാ സിനിമയിലും പ്രണയത്തിന് എതിരാണ് തന്റെ കഥാപാത്രമെന്നും ചേട്ടനെ ഇനി ‘ആന്റീ പ്രണയം സ്റ്റാര്‍’ എന്നേ വിളിക്കുകയുള്ളൂവെന്ന് പറഞ്ഞ് ഒരു മെസേജ് വന്നുവെന്നും ശ്യാം പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘എനിക്ക് ഒരു മെസേജ് വന്നിരുന്നു. ‘ആന്റീ പ്രണയം സ്റ്റാര്‍’ എന്ന് പറഞ്ഞായിരുന്നു ആ മെസേജ് (ചിരി). ചേട്ടനെ ഇനി ‘ആന്റീ പ്രണയം സ്റ്റാര്‍’ എന്നേ വിളിക്കുകയുള്ളൂ എന്നായിരുന്നു മെസേജില്‍ പറഞ്ഞത്. കാരണം എല്ലാ സിനിമയിലും പ്രണയത്തിന് എതിരാണ് ഞാന്‍. ഇന്‍സ്റ്റഗ്രാമിലെ മെസേജിലൂടെ അങ്ങനെയൊരു പേര് കിട്ടി (ചിരി),’ ശ്യാം മോഹന്‍ പറഞ്ഞു.

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ഇ.ഡി (എക്‌സ്ട്രാ ഡീസന്റ്)യാണ് ശ്യാമിന്റെ അടുത്തതായി വരാനിരിക്കുന്ന ചിത്രം. ആഷിഫ് കക്കോടിയുടെ രചനയില്‍ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ഈ സിനിമ ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറിലാണ് എത്തുന്നത്.

ഗ്രേസ് ആന്റണിയും ഇ.ഡിയില്‍ ഒരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ചും ശ്യാം മോഹന്‍ അഭിമുഖത്തില്‍ സംസാരിച്ചു. തന്റെ കഥാപാത്രത്തെ കുറിച്ച് ചോദിച്ചാല്‍ ഇപ്പോള്‍ കൂടുതല്‍ പറയാനാകില്ലെന്നായിരുന്നു മറുപടി.

ഇ.ഡിയില്‍ എങ്ങനെയുള്ള കഥാപാത്രമാണെന്ന് ചോദിച്ചാല്‍ അത് തത്കാലം ഇപ്പോള്‍ പറയാനാകില്ല. ഗ്രേസ് ആന്റണിയുടെ ഭര്‍ത്താവായിട്ടാണ് അഭിനയിക്കുന്നത്. സുരാജേട്ടന്റെ അളിയനും സുഹൃത്തുമായ കഥാപാത്രമാണ് എന്റേത്. അവരുടെ കുടുംബത്തിലെ ഒരു അംഗമാണ്. അത്രയേ പറയാന്‍ പറ്റുള്ളൂ (ചിരി). കൂടുതല്‍ പറയാനാകില്ല,’ ശ്യാം മോഹന്‍ പറയുന്നു.

Content Highlight: Shyam Mohan Says He Got New Tag As Anti-Love Star After Premalu And Amaran