ഇന്ത്യ-സിംബാബ്‌വെ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. കളിച്ച മൂന്ന് ഏകദിനത്തിലും സിംബാബ്‌വെയെ തകര്‍ക്കാന്‍ ഇന്ത്യന്‍ പടക്ക് സാധിച്ചിരുന്നു. അവസാന ഏകദിനത്തില്‍ മാത്രമാണ് സിംബാബ്‌വെക്ക് മികച്ച പ്രകചടനം കാഴ്ചവെക്കാന്‍ സാധിച്ചത്.
സീനിയര്‍ താരങ്ങള്‍ പങ്കെടുക്കാതിരുന്ന പരമ്പരയില്‍ ഇന്ത്യന്‍ യുവതാരങ്ങള്‍ മികച്ച പ്രകടനായിരുന്നു കാഴ്ചവെച്ചത്. 22 വയസുകാരനായ ശുഭ്മാന്‍ ഗില്ലായിരുന്നു ഇന്ത്യന്‍ ടീമിനുവേണ്ടി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. പരമ്പരയിലെ താരവും അദ്ദേഹമായിരുന്നു. ആദ്യ മത്സരത്തില്‍ പുറത്താകതെ 82 റണ്‍സ് നേടിയ ഗില്‍ രണ്ടാം മത്സരത്തില്‍ മൂന്നാം നമ്പറിലായിരുന്നു ഇറങ്ങിയത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്തിരുന്ന അദ്ദേഹം 33 റണ്‍സ് നേടി പുറത്തായി. മൂന്നാം മത്സരത്തിലായിരുന്നു ഗില്‍ തന്റെ ക്ലാസ് തെളിയിച്ചത്. 97 പന്ത് നേരിട്ട് 130 റണ്‍സാണ് ഗില്‍ മൂന്നാം ഏകദിനത്തില്‍ അടിച്ചുകൂട്ടിയത്. ഗില്ലിന്റെ കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറിയാണിത്.
നേരത്തെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും ഗില്ലായിരുന്നു മാന്‍ ഓഫ് ദി സീരീസ്. ആദ്യ മത്സരത്തില്‍ 64 റണ്‍സ് നേടിയ ഗില്‍ രണ്ടാം മത്സരത്തില്‍ 43 റണ്‍സും മൂന്നാം മത്സരത്തില്‍ പുറത്താകാതെ 98 റണ്‍സും സ്വന്തമാക്കിയിരുന്നു. മഴ ചതിച്ചില്ലായിരുന്നെങ്കില്‍ കരിയറിലെ ആദ്യ സെഞ്ച്വറി തന്നെ വിന്‍ഡീസില്‍ സ്വന്തമാക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു.
22 വയസിനുള്ളില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി സീരീസായ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ് ഗില്‍. ക്രിക്കറ്റ് കണ്ട എക്കാലത്തെയും വലിയ സൂപ്പര്‍താരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും 22 വയസില്‍ രണ്ട് തവണയാണ് മാന്‍ ഓഫ് ദി സീരീസായത്.
മുന്‍ ഓള്‍റൗണ്ടറും കോച്ചുമായിരുന്ന രവി ശാസ്ത്രി 22 വയസില്‍ രണ്ട് മാന്‍ ഓഫ് ദി സീരീസ് സ്വന്തമാക്കിയിരുന്നു.
തുടര്‍ച്ചയായി കളിച്ച രണ്ട് ഏകദിന പരമ്പരയിലും മാന്‍ ഓഫ് ദി സീരീസായ ഗില്ലിന് ഇന്ത്യന്‍ ടീമിന്റെ ഭാവിയാകാന്‍ സാധിക്കുമെന്നതിന്റെ തെളിവാണ് ഇത്തരത്തിലുള്ള മികച്ച പ്രകടനങ്ങള്‍. അടുത്ത വര്‍ഷം ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പ്രധാന താരങ്ങളില്‍ ഒരാളാകാനുള്ള പുറപ്പാടിലാണ് അദ്ദേഹം.