ബെംഗളൂരു: ആം ആദ്മി പാര്‍ട്ടിയെ നിയമപ്രകാരം ദേശീയ പാര്‍ട്ടിയായി അംഗീകരിക്കണമെന്നുമുള്ള ആവശ്യം പരിഗണിക്കണമെന്നും ഏപ്രില്‍ 13നകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി കര്‍ണാടക ഹൈക്കോടതി. ഇക്കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ദേശീയ പാര്‍ട്ടി പ്രാതിനിധ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവലോകനത്തിന് വെച്ചിരിക്കുകയാണെന്ന് ആരോപിച്ച് ബുധനാഴ്ചയാണ് ആം ആദ്മി ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം 2022 ഡിസംബര്‍ 19ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഇ മെയില്‍ അയച്ചിരുന്നുവെന്നും അതില്‍ മറുപടി ഇല്ലാത്തതിനാല്‍ വീണ്ടും ഈ വര്‍ഷം മാര്‍ച്ച് 15ന് ഒരു മെയിലും കൂടി അയച്ചതായി ആം ആദ്മിയുടെ അഭിഭാഷകന്‍ അഭിഷേക് കുമാര്‍ കോടതിയെ അറിയിച്ചു.
തെരഞ്ഞെടുപ്പ് ചിഹ്ന ഉത്തരവ്, 1968, ക്ലോസ് 6 ബി പ്രകാരം എല്ലാ രേഖകളും സമര്‍പ്പിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ ദല്‍ഹി, പഞ്ചാബ്, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ സംസ്ഥാന പാര്‍ട്ടിയായാണ് ആം ആദ്മിയെ കണക്കാക്കുന്നത്.
അതേസമയം നാല് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്ന് ആറ് ശതമാനം വോട്ട് ലഭിച്ചാല്‍ ദേശീയ പാര്‍ട്ടിയാകുമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ആം ആദ്മി ഹരജി സമര്‍പ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കാനും മറ്റ് സംസ്ഥാനങ്ങളില്‍ നല്ലൊരു ശതമാനം വോട്ട് നേടാനും ആം ആദ്മിക്ക സാധിച്ചിട്ടുണ്ടെന്നും ഹരജിയില്‍ പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ പ്രകടനം ദേശീയ പാര്‍ട്ടിയായി അംഗീകരിക്കപ്പെടാന്‍ യോഗ്യമാണെന്ന് തെളിയിക്കുന്നുവെന്നും ഹരജിയില്‍ പറയുന്നു.
കര്‍ണാടകയില്‍ നാമനിര്‍ദേശ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് പ്രാതിനിധ്യം പരിഗണിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
content highlight: should be recognized as a national party; Karnataka High Court to decide on Aam Aadmi’s demand by 13