മലപ്പുറത്ത് ബോംബ് മാത്രമല്ല തോക്കും കിട്ടും; ഇതാ കണ്ടോളീ; ഇജ്ജൊക്കെ പുഗ്ഗൊല്‍ത്തും: മലപ്പുറത്തെ കുറിച്ചുള്ള ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു
Daily News
മലപ്പുറത്ത് ബോംബ് മാത്രമല്ല തോക്കും കിട്ടും; ഇതാ കണ്ടോളീ; ഇജ്ജൊക്കെ പുഗ്ഗൊല്‍ത്തും: മലപ്പുറത്തെ കുറിച്ചുള്ള ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th June 2017, 2:31 pm

 

മലപ്പുറം: മലപ്പുറത്തേക്കുറിച്ച് മത-രാഷ്ട്രീയ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി രൂപപ്പെടുത്തിയ വാര്‍പ്പുമാതൃകയ്ക്കുള്ള സര്‍ഗാത്മകവും സൗന്ദര്യാത്മകവും അര്‍ത്ഥസമ്പൂര്‍ണ്ണവുമായ മറുപടിയുമായി ആശിഖ് അയ്മര്‍ ഒരുക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. “അല്‍ മലപ്പുറം- അല്‍ഭുതമാണീ മലപ്പുറം എന്ന പേരിലാണ് ഹ്രസ്വചിത്രം.

മലപ്പുറത്തെ വേറൊരു തലത്തില്‍ കാണുന്നവരോടുള്ള മലപ്പുറംകാരുടെ പ്രതിഷേധമാണ് ഈ ഹ്രസ്വചിത്രമെന്ന് ആശിഖ് അയ്മര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. “ആര്‍.എസ്.എസിനെതിരെയുള്ള പരസ്യമായ നിലപാട് തന്നെയാണ് ഈ ഹൃസ്വചിത്രംകൊണ്ട് ഉദ്ദേശിക്കുന്നത്.


Dont Miss കന്നുകാലി കാശാപ്പ് നിയന്ത്രണം: കേന്ദ്രസര്‍ക്കാരിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി 


മലപ്പുറത്ത് വര്‍ഗീയതയും ജാതിമത ചിന്തകളും കൂടുതലാണ് എന്ന തോന്നലിനെതിരെയുമുള്ള മലപ്പുറംകാരുടെ പ്രതിഷേധമാണ് ഇത്. മറ്റു ജില്ലകളെ പോലെ ഞങ്ങളുടെ ജില്ലയേയും പരിഗണിച്ചാല്‍ മതി. എല്ലാ അര്‍ത്ഥത്തിലും മലപ്പുറത്തെ വേറൊരു രീതിയില്‍ കാണുകയും കേരളത്തിലൊരു വര്‍ഗീയ കലാപമുണ്ടാകാന്‍ മലപ്പുറത്ത് ഒരു കൊള്ളിയെറിഞ്ഞാല്‍ മതിയെന്നുമുള്ള ചിലരുടെ ചിന്തകളാണ് ഇത്തരമൊരു ഹൃസ്വചിത്രം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും “ആശിഖ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ആശിഖിന്റെ ഹ്രസ്വചിത്രം സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മഹാരഥന്മാരുടെയും സാധാരണമനുഷ്യരുടെയും നേര്‍മ്മയുള്ള, ജീവിതംകൊണ്ട് സുരഭിലമായ മലപ്പുറം പെരുമ സമ്പന്നമായ ദൈനംദിന ജീവിത ദൃശ്യങ്ങള്‍ക്കൊണ്ട് അടയാളപ്പെടുത്താന്‍ ഈ ഹ്രസ്വ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ടെന്നും ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അദ്വാനിക്കുന്ന മനുഷ്യരുടെ ജീവിതദൃശ്യങ്ങളിലൂടെ മലപ്പുറമെന്താണെന്ന് ഈ ഹൃസ്വചിത്രത്തിലൂടെ ആഷിഖ് കാണിച്ചുതരുന്നെന്നും സ്പീക്കര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

അറേബ്യയിലെ ഏതൊരു അത്തറിനെക്കാളും സുഗന്ധമുള്ള സ്‌നേഹ-സൗഹൃദങ്ങളുടെ നാടാണ് മലപ്പുറമെന്നും സ്‌നേഹവാത്സല്യങ്ങളുടെ പൂങ്കാവനമാണ് മലപ്പുറമെന്ന് അനുഭവിച്ചറിഞ്ഞവനാണ് താനെന്നും ശ്രീരാമകൃഷ്ണന്‍ പറയുന്നു.

അല്‍ഭുതമാണീ മലപ്പുറം കാണാം…