ചര്‍ച്ച പരാജയപ്പെട്ടു; നാളെ പതിനാല് ജില്ലകളിലും കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
Kerala News
ചര്‍ച്ച പരാജയപ്പെട്ടു; നാളെ പതിനാല് ജില്ലകളിലും കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th July 2021, 2:11 pm

കോഴിക്കോട്: കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും എല്ലാ കടകളും വ്യാഴാഴ്ച തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു.

14 ജില്ലകളിലും നാളെ കടകള്‍ തുറക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമതി പറയുന്നത്.
തടയാന്‍ പൊലീസ് ശ്രമിച്ചാല്‍ അത് നേരിടാന്‍ തയ്യാറാണെന്നും വ്യാപാരികള്‍ പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനം മാത്രമേ പാലിക്കാന്‍ കഴിയുകയുള്ളൂവെന്നും നാളത്തെ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് വ്യാപാരികളെ അറിയിച്ചിട്ടുണ്ടെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ പറഞ്ഞു. സമരം നടത്തുകയാണെങ്കില്‍ ശക്തമായ നിയമ നടപടികളുണ്ടാകുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ ആരും കണക്കിലെടുക്കുന്നില്ലെന്നും എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ നടപടി വേണമെന്നും ഇടതു വ്യാപാരി സംഘടന ആവശ്യപ്പെട്ടിരുന്നു.

വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ ആരും കണക്കിലെടുക്കുന്നില്ലെന്നും കച്ചവടക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മുന്‍ എം.എല്‍.എയും വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റുമായ വി.കെ.സി. മമ്മദ് കോയ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: shops will be opened in 14 districts tomorrow says traders