കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിലെ കടകള്‍ ഒഴിപ്പിക്കുന്നു; പൊലീസിന്റെ ഗുണ്ടായിസമെന്ന് കച്ചവടക്കാര്‍
Kerala News
കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിലെ കടകള്‍ ഒഴിപ്പിക്കുന്നു; പൊലീസിന്റെ ഗുണ്ടായിസമെന്ന് കച്ചവടക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th April 2022, 12:36 pm

കോഴിക്കോട്: അറ്റകുറ്റ പണികളുടെ ഭാഗമായി കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിലെ കടകള്‍ ഒഴിപ്പിക്കുന്നു. അറ്റകുറ്റ പണികള്‍ക്ക് ശേഷം കടകള്‍ തുറക്കാമെന്ന് കെ.ടി.ഡി.എഫ്.സി കച്ചവടക്കാരെ അറിയിച്ചു.

എന്നാല്‍ ഇതിനെതിരെ പ്രതിഷേധവുമായി കച്ചവടക്കാര്‍ രംഗത്തെത്തി.

ഉത്തരവ് കിട്ടാത്തതിനാല്‍ ആശങ്കയുണ്ടെന്ന് കച്ചവടക്കാര്‍ പറഞ്ഞു. പൊലീസിന്റെ ഗുണ്ടായിസമാണ് ഇപ്പോഴത്തേതുമെന്നും ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ശക്തമായ പൊലീസ് സന്നാഹത്തോടെയാണ് കടകള്‍ ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. ഇതിനെത്തുടര്‍ന്നാണ് കച്ചവടക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന്റെ രൂപകല്‍പനയില്‍ തന്നെ അപാകതയുണ്ടെന്നും കെട്ടിടത്തിന്റെ സ്ട്രക്ചറല്‍ ഡിസൈന്‍ ഉള്‍പ്പെടെ മാറ്റിയിട്ടുണ്ടെന്നും നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു.

3,28,460 ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ ആകെ വിസ്തീര്‍ണം.

ആവശ്യത്തിന് കമ്പി പോലും ഉപയോഗിക്കാതെയാണ് ടെര്‍മിനിലെ സ്ലാബുകള്‍ നിര്‍മിച്ചത്. 20 ശതമാനം തൂണുകളിലും ആവശ്യത്തിന് കമ്പികള്‍ ഉപയോഗിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സ്ലാബില്‍ മാത്രം ആറ് വിള്ളലുകളുണ്ട്. തുടക്കം മുതല്‍ സ്ലാബില്‍ ചോര്‍ച്ചയും ഉണ്ടായിരുന്നു. വിവിധ നിലകളിലായി നൂറോളം തൂണുകള്‍ക്ക് വിള്ളലുകള്‍ വീണിട്ടുണ്ട്.

Content highlight: Shops evacuated in Kozhikode KSRTC terminal for repair