പി.സി. ജോര്‍ജിന്റെ വിവാദ പ്രസംഗം; കൈകൂപ്പി മകന്‍ ഷോണ്‍ ജോര്‍ജ്
Kerala News
പി.സി. ജോര്‍ജിന്റെ വിവാദ പ്രസംഗം; കൈകൂപ്പി മകന്‍ ഷോണ്‍ ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th April 2022, 3:21 pm

മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോര്‍ജിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്കില്‍ കൈകൂപ്പി നില്‍ക്കുന്ന ഇമോജിയാണ് ഷോണ്‍ പോസ്റ്റ് ചെയ്തത്. ഇതാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. പി.സി. ജോര്‍ജിന്റെ പ്രസ്താവനക്കെതിരെ വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പോസ്റ്റ് വന്നിരിക്കുന്നത്. പി.സി. ജോര്‍ജിനോട് എതിര്‍പ്പാണ് ഷോണ്‍ അറിയിച്ചിരിക്കുന്നതെന്നാണ് കമന്റുകളില്‍ ചോദിക്കുന്നത്.

പി.സി. ജോര്‍ജിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരന്റെ മകന്‍ വിയാനി ചാര്‍ളിയും നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

പി.സി.ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍ എം.എല്‍.എയും വി.ടി.ബല്‍റാമും രംഗത്തെത്തിയിരുന്നു. സ്ഥിരമായി അങ്ങേയറ്റത്തെ ഹീനമായ വര്‍ഗീയത പൊതുവേദികളില്‍ പ്രചരിപ്പിക്കുന്ന ജോര്‍ജിനെതിരെ നിയമാനുസരണം കേസെടുക്കാന്‍ പൊലീസിന് എന്താണ് തടസ്സമെന്നു ബല്‍റാം ചോദിച്ചു. തമ്മിലടിപ്പിക്കല്‍ തൊഴിലാക്കിയ ജോര്‍ജിനെതിരെ കേസെടുത്ത് ജയിലിലിടാന്‍ പൊലീസ് തയാറാകണമെന്നും സാംക്രമിക രോഗമായി പടരാന്‍ ആഗ്രഹിക്കുന്ന വര്‍ഗീയതയുടെ സഹവാസിയാണു ജോര്‍ജ് എന്നും ഷാഫി പറഞ്ഞു.

ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി.സി. ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്.

ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും മുസ് ലിങ്ങളുടെ ഹോട്ടലുകളില്‍ ഒരു ഫില്ലര്‍ ഉപയോഗിച്ച് ചായയില്‍ ഒരു മിശ്രിതം ചേര്‍ത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണെന്നും പി.സി. ജോര്‍ജ് പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ് ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ് ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നുവെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു.

 

Content Highlights: Shone George’s response On P.C George’s  comment against Muslims