ഹൃദയം കവര്‍ന്ന് ശോഭനയുടെ സ്വാതി ഹൃദയം; കേരളീയം ആദ്യദിനം കലാസമ്പന്നം
തിരുവനന്തപുരം: ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന കേരളീയത്തിന്റെ കലാവേദികളെ സമ്പന്നമാക്കി ആദ്യ ദിനം ഭരതനാട്യത്തിലൂടെ കാണികളുടെ ഹൃദയം കവര്‍ന്ന് പത്മശ്രീ ശോഭന. സ്വാതി ഹൃദയം എന്ന പേരില്‍ അവതരിപ്പിച്ച ഭരതനാട്യം വീക്ഷിക്കാന്‍ ആയിരങ്ങളാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വിശാലമായ വേദിയിലേക്ക് ഒഴുകിയെത്തിയത്.
ഭദ്രദീപം കൊളുത്തി ശോഭന തന്നെയാണ് കേരളീയം കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. സാംസ്‌കാരിക സമിതി ചെയര്‍മാന്‍ മന്ത്രി സജി ചെറിയാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം ശോഭനയ്ക്ക് നല്‍കി കേരളീയം സംഘാടക സമിതി ചെയര്‍മാനായ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ മായ തുടങ്ങിയവര്‍ പങ്കെടുത്തു. നര്‍ത്തകി നീനാ പ്രസാദ് പ്രഭാഷണം നടത്തി.
സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ പരമ്പരാഗത കലകളെ സമ്മേളിപ്പിച്ചു നാട്ടറിവുകള്‍ എന്ന പേരില്‍ നിശാഗന്ധിയില്‍ അരങ്ങേറിയ പരിപാടിയും ഹൃദ്യാനുഭവവുമായി. ടാഗോര്‍ തിയേറ്ററില്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിച്ച എംപവര്‍ വിത്ത് ഇന്ദ്രജാല പ്രകടനവും വേറിട്ട അനുഭവമായി. പുത്തരിക്കണ്ടം മൈതാനിയില്‍ ജയരാജ് വാര്യരുടെ നര്‍മ്മമലയാളവും കൊച്ചിന്‍ കലാഭവന്റെ കോമഡി ഷോയും അരങ്ങേറി.
സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ടില്‍ നടന്ന വനിതാ പൂരക്കളിയും വനിത അലാമിക്കളിയും ഭാരത് ഭവന്‍ മണ്ണരങ്ങിലെ അരികുഞ്ഞന്‍ നാടകവും ഭാരത് ഭവന്‍ എസി ഹാളിലെ തോല്‍പ്പാവക്കൂത്തും പ്രദര്‍ശനവും കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു. വിവേകാനന്ദ പാര്‍ക്കില്‍ ഓട്ടന്‍തുള്ളല്‍, കെല്‍ട്രോണ്‍ കോംപ്ലക്സില്‍ ചണ്ഡാലഭിക്ഷുകി നൃത്താവിഷ്‌കാരം, ബാലഭവനില്‍ ജുഗല്‍ബന്ദി, പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ അവനി സംഗീത പരിപാടി, മ്യൂസിയം റേഡിയോ പാര്‍ക്കില്‍ പഞ്ചവാദ്യം, സൂര്യകാന്തി ഓഡിറ്റോറിയത്തില്‍ ആദിവാസി കൂത്ത്, യൂണിവേഴ്സിറ്റി കോളേജില്‍ കൈരളിയുടെ കഥ എന്ന ദൃശ്യാവിഷ്‌കാരം, എസ് എം വി സ്‌കൂളില്‍ പഞ്ചമി അയ്യങ്കാളി ചരിതം നൃത്താവിഷ്‌കാരം, ഗാന്ധി പാര്‍ക്കില്‍ പളിയ നൃത്തം, പടയണി, വിമന്‍സ് കോളേജില്‍ വനിതാ കളരി എന്നിവയും അരങ്ങേറി.
content highlights; Shobhana’s Swati Heart by Stealing Her Heart; Kerala is rich in art on the first day, keraleeyam programm