'ഇതുമാത്രമല്ല ഞങ്ങളുടെ പ്രവര്‍ത്തകര്‍ ഉത്പലിന് വേണ്ടി പ്രവര്‍ത്തിക്കും'; പനാജിയില്‍ ബി.ജെ.പിക്കെതിരെ മത്സരിക്കുന്ന ഉത്പല്‍ പരീക്കറിന് വേണ്ടി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് ശിവസേന
പനാജി: ഗോവ നിയമസഭാതെരഞ്ഞെടുപ്പില്‍ ഗോവ മുന്‍മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കറിനെ പിന്തുണക്കാനുറച്ച് ശിവസേന. പനാജി നിയസഭാ മണ്ഡലത്തില്‍ ഉത്പല്‍ പരീക്കറിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെയാണ് ശിവസേന ഉത്പലിനുള്ള തങ്ങളുടെ പിന്തുണയറിയിക്കുന്നത്.
പനാജി സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ബി.ജെ.പിയുമായി ഇടഞ്ഞായിരുന്നു ഉത്പല്‍ പരീക്കര്‍ പാര്‍ട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്. പനാജിക്ക് പകരം മറ്റ് രണ്ട് സീറ്റുകള്‍ ഉത്പലിന് മുന്നില്‍ ബി.ജെ.പി വെച്ചിട്ടും തന്റെ പിതാവിന്റെ പരമ്പരാഗത മണ്ഡലമായ പനാജി തന്നെ വേണമെന്ന് ഉത്പല്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു.
പാര്‍ട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ച ഉത്പലിന് എല്ലാ വിധ പന്തുണയും ശിവസേന നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോള്‍ ശിവസേന വാക്കു പാലിക്കുന്ന കാഴ്ചയാണ് ഗോവയില്‍ കാണുന്നത്.
‘ഞങ്ങള്‍ വാക്കു പാലിക്കുകയാണ്. പനാജിയില്‍ നിന്നും ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയായ ശൈലേന്ദ്ര വെലിംഗ്കറിനെ പനാജിയില്‍ നിന്നും പിന്‍വലിക്കുകയാണ്. ഇത് മാത്രമല്ല ഞങ്ങളുടെ പ്രവര്‍ത്തകര്‍ ഉത്പലിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യും.
പനാജിയില്‍ നടക്കുന്ന പോരാട്ടം വെറും തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ള താണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല, അത് ഗോവന്‍ രാഷ്ട്രീയത്തിന്റെ ശുദ്ധികലശത്തിനും കൂടിയാണ്,’ ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറയുന്നു.
മുന്‍ കോണ്‍ഗ്രസ് നേതാവും മനോഹര്‍ പരീക്കറിന്റെ രാഷ്ട്രീയ ശത്രുവുമായിരുന്നു അറ്റാന്‍സിയോ ‘ബാബുഷ്’ മോന്‍സറേട്ടിനെയാണ് ബി.ജെ.പി പനാജിയില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. കുറച്ച് കാലം മുമ്പ് മാത്രം ബി.ജെ.പിയിലേക്കെത്തിയ ഒരു നേതാവിന് വേണ്ടി പരീക്കറിന്റെ മകനെ തഴഞ്ഞതില്‍ ഒരു പറ്റം പ്രവര്‍ത്തകര്‍ക്കും നേതൃത്വത്തോട് എതിര്‍പ്പുണ്ട്.
പരീക്കര്‍ കുടുബത്തിന്റെ പരമ്പരാഗത മണ്ഡലവും അച്ഛന്‍ മനോഹര്‍ പരീക്കര്‍ അഞ്ച് തവണ മത്സരിച്ച പനാജി മണ്ഡലം തനിക്ക് വേണമെന്നായിരുന്നു ഉത്പല്‍ ബി.ജെ.പി നേതൃത്വത്തോട് ആവശ്യപ്പെട്ടത്.
ഉത്പലിനെ അനുനയിപ്പിക്കാന്‍ ബി.ജെ.പി നടത്തിയ എല്ലാ ശ്രമങ്ങളും തകരുകയായിരുന്നു. പനാജിക്ക് പകരം മറ്റ് രണ്ട് സീറ്റുകള്‍ നല്‍കാമെന്ന് അറിയിച്ചിട്ടും ഉത്പല്‍ പനാജി വേണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു.
എന്ത് വന്നാലും താന്‍ പനാജിയില്‍ തന്നെ മത്സരിക്കുമെന്നും, അതിപ്പോള്‍ ബി.ജെ.പിക്കെതിരായാണെങ്കിലും കുഴപ്പമില്ല എന്നുമായിരുന്നു ഉത്പല്‍ പറഞ്ഞിരുന്നത്.
ബി.ജെ.പി സീറ്റ് നല്‍കാതെ ഉത്പലിനെ പുറത്താക്കുകയും അദ്ദേഹം സ്വതന്ത്രനായി മത്സരിക്കുകയുമാണെങ്കില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തെ പിന്തുണയ്ക്കണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് കഴിഞ്ഞ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
മൂന്ന് തവണ ഗോവയുടെ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ സമുന്നതനായ നേതാവുമായിരുന്ന മനോഹര്‍ പരീക്കര്‍ 2019ലാണ് മരണപ്പെടുന്നത്. 25 വര്‍ഷക്കാലം മനോഹര്‍ പരീക്കറായിരുന്നു പനാജിയെ പ്രതിനിധീകരിച്ചിരുന്നത്. എന്നാല്‍ മുന്‍ കോണ്‍ഗ്രസ് നേതാവും, മനോഹര്‍ പരീക്കറിന്റെ എക്കാലത്തേയും വലിയ രാഷ്ട്രീയ എതിരാളിയുമായിരുന്ന മോന്‍സറേട്ടിനെയാണ് ബി.ജെ.പി പനാജിയിലേക്ക് പരിഗണിച്ചിരിക്കുന്നത്.
മകനായ തന്നെ തഴയുകയും അച്ഛന്റെ എതിരാളിയായ വ്യക്തിക്ക് തന്നെ പരീക്കര്‍ കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലം നല്‍കുകയും ചെയ്തതോടെയാണ് ഉത്പല്‍ തീരുമാനം കടുപ്പിച്ചത്.
ഫെബ്രുവരി 14നാണ് ഗോവയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Content Highlight: Shivsena withdraws their candidate from Panaji to support Utpal Parrikar