മുംബൈ: പവാര്‍ കുടുംബത്തില്‍ ഉടലെടുത്ത പുതിയ പ്രശ്‌നത്തിന് വലിയ പ്രാധാന്യമൊന്നുമില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാരിലെ സഖ്യ കക്ഷിയായ ശിവസേന. ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും രാം ക്ഷേത്ര ഭൂമി പൂജയെ സ്വാഗതം ചെയ്യുകയും ചെയ്ത പാര്‍ത്ഥ് പവാറിന്റെ നടപടി മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. തന്റെ സഹോദര പുത്രനായ അജിത്ത് പവാറിന്റെ മകന്‍ പാര്‍ത്ഥ് പവാറിന്റെ നടപടികളെ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ തള്ളിക്കളഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് പവാര്‍ കുടുംബത്തില്‍ വീണ്ടും തര്‍ക്കമോ എന്ന ചര്‍ച്ച ആരംഭിച്ചിരുന്നു.
പാര്‍ത്ഥ് മുതിര്‍ന്ന നേതാവും പവാര്‍ കുടുംബത്തിലെ കാരണവരുമായ ശരദ് പവാറിന്റെ വാക്കുകള്‍ ഉപദേശമായും വളര്‍ന്നുവരുന്ന ഒരു രാഷ്ട്രീയക്കാരന് നല്‍കുന്ന അനുഗ്രഹമായും കണക്കാക്കണമെന്നാണ് ശിവസേനയുടെ പ്രതികരണം. പാര്‍ട്ടി മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയലിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
‘ശരദ് പവാറിന്റെ ഒരു ഉപദേശ വാക്കിന് ഇളകി മറിയുന്ന കൊടുങ്കാറ്റിന്റെ ശക്തിയുണ്ട്. അതിനെ കൊടുങ്കാറ്റ് എന്നുതന്നെയാണ് നിങ്ങള്‍ വിളിക്കുന്നതെങ്കില്‍ അതുതന്നെയാണ് ഉചിതമായ വാക്ക്. അതൊരു കൊടുങ്കാറ്റ് തന്നെയാണ്. ഇപ്പോള്‍ നടക്കുന്നത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോലുമല്ല. പക്ഷേ, മാധ്യമങ്ങളതിന് വലിയ വാര്‍ത്താ പ്രാധാന്യം നല്‍കുന്നുണ്ട്. 24 മണിക്കൂറും മത്സരിക്കുന്ന മാധ്യമങ്ങള്‍ക്ക് ചില മിര്‍ച്ചി മസാലകള്‍ ആവശ്യമാണ്. അതിനുവേണ്ടി അവര്‍ ചില അജണ്ടകള്‍ മുന്നില്‍വെച്ച് കൃത്രിമ കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ചെടുക്കുകയാണ്’, സാമ്‌നയുടെ എഡിറ്റോറിയല്‍ വിമര്‍ശിച്ചു.