ഭാവനയുടെ അഭിനയം ഭാര്യക്ക് വളരെയധികം ഇഷ്ടമായി :  ശിവരാജ് കുമാര്‍
Entertainment
ഭാവനയുടെ അഭിനയം ഭാര്യക്ക് വളരെയധികം ഇഷ്ടമായി :  ശിവരാജ് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th January 2024, 2:14 pm

കന്നഡ സിനിമാസ്വാദകര്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള നടനാണ് ശിവരാജ് കുമാര്‍. കന്നഡയിലെ ആദ്യകാല സൂപ്പര്‍സ്റ്റാറായ രാജ് കുമാറിന്റെ മകനാണ് ശിവരാജ് കുമാര്‍. ബാലതാരമായി സിനിമാലോകത്തേക്കെത്തിയ അദ്ദേഹം  1986ല്‍ റിലീസായ ആനന്ദ് എന്ന ചിത്രത്തിലൂടെ നായകനായി തുടക്കം കുറിച്ചു. മാസ് സിനിമകളിലെ പ്രകടനങ്ങളിലൂടെ ആരാധകരുടെ സ്വന്തം ശിവണ്ണയായി മാറി. 38 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ 125ഓളം സിനിമകള്‍ ചെയ്തു. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ റീ റിലീസ് ചെയ്ത സിനിമയെന്ന റെക്കോഡ് ശിവരാജ് കുമാറിനാണ്. ഉപേന്ദ്ര സംവിധാനം ചെയ്ത് 1995ല്‍ പുറത്തിറങ്ങിയ ‘ഓം’  500 തവണയാണ് റീ റിലീസ് ചെയ്തത്.


പോയ വര്‍ഷം ഇറങ്ങിയ ജയിലറില്‍ ശിവരാജ് കുമാര്‍ ചെയ്ത അതിഥി വേഷം സൗത്തിന്ത്യ മൊത്തം ആഘോഷമായി മാറിയിരുന്നു. രജനികാന്ത് നായകനായ ജയിലറില്‍ നരസിംഹന്‍ എന്ന കഥാപാത്രത്തെയാണ് ശിവണ്ണ അവതരിപ്പിച്ചത്. മലയാളത്തില്‍ നിന്ന് മോഹന്‍ലാലും ജയിലറില്‍ അതിഥിവേഷത്തില്‍ എത്തിയിരുന്നു.

കൂടെ അഭിനയിച്ച നായികമാരില്‍ ഭാര്യക്ക് ഏറ്റവും ഇഷ്ടപ്പെട്ട നായിക ഏതെന്ന ചോദ്യത്തിന് താരം പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു ‘നായികമാരോട് ഇഴുകി അഭിനയിക്കുന്നത് ഭാര്യക്ക് ഒട്ടും ഇഷ്ടമല്ല. എന്നിരുന്നാലും എന്റെ കൂടെ വര്‍ക്ക് ചെയ്തവരില്‍ ഭാവനയുടെ പെര്‍ഫോമന്‍സ് ഭയങ്കര ഇഷ്ടമായെന്ന് പറഞ്ഞിട്ടുണ്ട്. രണ്ടേ രണ്ട് സിനിമകളില്‍ മാത്രമേ ഞങ്ങള്‍ ഒന്നിച്ചു വര്‍ക്ക് ചെയ്തുള്ളൂ. ‘ടഗരു’, ‘ബജറംഗി 2′. ഈ രണ്ട് ചിത്രങ്ങളിലെ അഭിനയം നന്നായി ഇഷ്ടമായെന്ന് ഭാര്യ പറഞ്ഞു’.  പുതിയ സിനിമയായ ക്യാപ്റ്റന്‍ മില്ലറിന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ശിവരാജ് കുമാര്‍ ഇക്കാര്യം പറഞ്ഞത്.

‘അപ്പു ദൂരെ എവിടെയോ പോയിരിക്കുകയാണെന്ന് ചിന്തിക്കാനാണ് എനിക്കിഷ്ടം. ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞാല്‍ അവന്‍ തിരിച്ചുവരും. അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ചേട്ടന്‍-അനിയന്‍ ബന്ധത്തെക്കാള്‍ ഉപരി നല്ല സുഹൃത്തുക്കളെപ്പോലെയായിരുന്നു ഞങ്ങള്‍. ഒറ്റക്കിരിക്കുമ്പോള്‍ അവനെയോര്‍ത്ത് കരയാറുണ്ട്’ സഹോദരനും കന്നഡ നടനുമായിരുന്ന പുനീതിന്റെ വിയോഗവുമായി ബന്ധപ്പെട്ട ചോദ്യത്തിന് താരം മറുപടി നല്‍കി. 2021 ഒക്ടോബറിലാണ് പുനീത് രാജ്കുമാര്‍ അന്തരിച്ചത്.


ധനുഷ് നായകനായ ക്യാപ്റ്റന്‍ മില്ലറില്‍ ശിവരാജ് കുമാര്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 12ന് തിയേറ്ററുകളിലെത്തും.

Content Highlight: Shivaraj Kumar talks about Bahavana’s Perfomance