ന്യൂദല്‍ഹി: സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സമെന്റ് ഡയരക്ട്രേറ്റ് ചോദ്യം ചെയ്യല്‍ തുടരവേ വികാരാധീനനായി പ്രതികരിച്ച് കര്‍ണാടകയിലെ മുതിര്‍ന്ന നേതാവ് ഡി.കെ ശിവകുമാര്‍.
ഗണശ ചതുര്‍ത്ഥി പ്രമാണിച്ച് ഹാജരാകുന്നതിന് ഒരു ദിവസത്തെ സാവകാശം ശിവകുമാര്‍ ചോദിച്ചിരുന്നെങ്കിലും ഇ.ഡി അനുവദിച്ചിരുന്നില്ല. വീട്ടില്‍ നടക്കുന്ന പ്രത്യേക പൂജകളിലൊന്നും പങ്കെടുക്കാനാവാതെയായിരുന്നു ശിവകുമാര്‍ ദല്‍ഹിക്ക് തിരിച്ചത്.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയും തുടര്‍ന്ന ചോദ്യം ചെയ്യല്‍ അവസാനിക്കാതെ തിങ്കളാഴ്ചയും ഡി.കെയോട് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ ദല്‍ഹി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന്റെ പ്രതികരണമെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോഴായിരുന്നു ഡി.കെ വികാരാധീനനായി പ്രതികരിച്ചത്.
” എന്റെ അച്ഛന് വേണ്ടി പൂജ ചെയ്യാന്‍ എനിക്ക് സാധിച്ചില്ല. എന്റെ കുട്ടികള്‍ക്കൊപ്പമാണ് ഞാന്‍ ഗണേശ ചതുര്‍ത്ഥി ആഘോഷിക്കാണ്. എന്നാല്‍ അവര്‍ അതിനും അനുവദിച്ചില്ല. ഒരു തെറ്റും ചെയ്യാതെയാണ് ഈ ശിക്ഷ.”- എന്നായിരുന്നു ഡി.കെയുടെ വാക്കുകള്‍.
തന്റെ മകന്റെ വളര്‍ച്ചയില്‍ അസൂയപൂണ്ടവരാണ് ഇപ്പോള്‍ ഇത്തരത്തില്‍ ഒരു കേസ് കെട്ടിച്ചമച്ചതെന്നും സഹാനുഭൂതിയെന്ന ഒരു വികാരം ബി.ജെ.പിക്ക് ഇല്ലെന്നും ഡി.കെയുടെ അമ്മ പ്രതികരിച്ചിരുന്നു.
‘ ബി.ജെ.പിക്കാര്‍ അല്ലാതെ ആരും എന്റെ മകനോട് ഇത്തരത്തില്‍ പെരുമാറില്ല. മകന്റെ വളര്‍ച്ചയില്‍ അസൂയപൂണ്ടവരാണ് ഇതിന് പിന്നില്‍. ഒരു ദിവസം കൊണ്ട് പണക്കാരനായവല്ല അവന്‍. ജനിച്ച അന്നുമുതലുള്ള സമ്പത്ത് മാത്രമേ ഇന്നും ഉള്ളൂ. ഞങ്ങളുടെ പക്കല്‍ ഒരുപാട് പണമുണ്ടെന്നാണ് അവര്‍ പറയുന്നത്. എന്റെ ഭര്‍തൃപിതാവായ കെംപഗൗഡ ആരായിരുന്നുവെന്ന് ഇവിടുത്തുകാര്‍ക്ക് അറിയാം. ആരേയും കൊലപ്പെടുത്തിയിട്ടില്ല. ആരുടെ സ്വത്തും തട്ടിയെടുത്തിട്ടില്ല. ആരേയും പറ്റിച്ചിട്ടില്ല. കഠിനമായി പരിശ്രമിച്ചാണ് സമ്പത്തുണ്ടാക്കിയത്. അത് ഒരു രാത്രി കൊണ്ട് ഉണ്ടായതല്ല. അത് ചിലര്‍ക്ക് സഹിക്കുന്നില്ല.-എന്നായിരുന്നു ഗൗരമ്മയുടെ പ്രതികരണം.
ഏഴ് കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് ശിവകുമാറിനെതിരെ ഇഡി ആരോപിച്ചത്. കേസുമായി ബന്ധപ്പെട്ട് മൂന്നാം തവണയും ഡി.കെ എന്‍ഫോഴ്‌സമെന്റിന് മുന്നില്‍ ഹാജരായിരുന്നു. ഓഗസ്റ്റ് 30 നും 31 നും അദ്ദേഹം ഇ.ഡിക്ക് മുന്‍പില്‍ ഹാജരായ അദ്ദേഹം താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
അറസ്റ്റ് തടയണണമെന്ന ശിവകുമാറിന്റെ ഹരജി കര്‍ണാടക ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി സമന്‍സ് അയച്ചത്.
പാര്‍ട്ടിയുടെ മുന്‍നിര നേതാക്കന്‍മാരെ ബി.ജെ.പി വേട്ടയാടുകയാണെന്നും കേസിനെ നിയമപരമായി തതന്നെ നേരിടുമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു. അധികാര ദുര്‍വിനിയോഗമാണ് ബി.ജെ.പി നടത്തുന്നതെന്നും പ്രതിപക്ഷ നേതാക്കളാണ്അവരുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ പേരുള്ള നേതാക്കള്‍ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ചുമത്തിയും ഗൂഢാലോചന നടത്തിയും കേസുകളില്‍ കുടുക്കുകയാണെന്നും അവര്‍ പറഞ്ഞിരുന്നു.