ശിവസേന ഇന്നുമുതല്‍ പ്രതിപക്ഷത്ത്; എന്‍.ഡി.എ യോഗത്തില്‍ സേന പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍
national news
ശിവസേന ഇന്നുമുതല്‍ പ്രതിപക്ഷത്ത്; എന്‍.ഡി.എ യോഗത്തില്‍ സേന പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th November 2019, 8:59 pm

ന്യൂദല്‍ഹി: എന്‍.ഡി.എ യോഗത്തില്‍ പങ്കെടുക്കില്ലെന്നു പ്രഖ്യാപിച്ച് 24 മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ശിവസേനയ്ക്കു പ്രതിപക്ഷത്ത് സീറ്റ് നല്‍കി കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍ ഇനിമുതല്‍ സേനാ എം.പിമാര്‍ക്കു പ്രതിപക്ഷത്തായിരിക്കും സീറ്റെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ഇന്നുമുതല്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുകയാണ്.

സേനയുടെ ഏക കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെച്ചതും കോണ്‍ഗ്രസും എന്‍.സി.പിയുമായും ചേര്‍ന്നു മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്നതും കണക്കിലെടുത്താണ് ഇതെന്ന് ജോഷി വ്യക്തമാക്കി.

‘ശിവസേനയുടെ മന്ത്രി എന്‍.ഡി.എ സര്‍ക്കാരില്‍ നിന്നു രാജിവെച്ചു. അവര്‍ ഇന്നത്തെ എന്‍.ഡി.എ യോഗത്തില്‍ നിന്നു വിട്ടുനിന്നു. കോണ്‍ഗ്രസുമായും എന്‍.സി.പിയുമായും സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നു. അതുകൊണ്ട് ഇരുസഭകളിലും സീറ്റ് നല്‍കുകയെന്നതു സ്വാഭാവികമാണ്.’- ജോഷി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞയാഴ്ചയാണ് അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായിരുന്നു രാജി.

മഹാരാഷ്ട്രയില്‍ നടക്കുന്ന സാഹചര്യങ്ങള്‍ അനുസരിച്ച് എന്‍.ഡി.എ യോഗത്തില്‍ പങ്കെടുക്കേണ്ടതില്ല എന്നാണു തങ്ങള്‍ തീരുമാനിച്ചതെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കിയിരുന്നു.

ശിവസേനയുടെ അസാന്നിധ്യം പ്രകടമായതായി യോഗത്തിനുശേഷം എല്‍.ജെ.പി അധ്യക്ഷന്‍ ചിരാഗ് പസ്വാന്‍ പറഞ്ഞിരുന്നു.  നേരത്തേ ടി.ഡി.പിയും പിന്നീട് ആര്‍.എല്‍.എസ്.പിയും സഖ്യം വിട്ടതായി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ ചിരാഗ് ചൂണ്ടിക്കാട്ടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.ഡി.എയ്ക്ക് ഒരു ഏകോപന സമിതിയുണ്ടാക്കുകയോ കണ്‍വീനറെ നിയോഗിക്കുകയോ ചെയ്യണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയോടു താന്‍ അഭ്യര്‍ഥിച്ചതായി അദ്ദേഹം വ്യക്തമാക്കി. സഖ്യകക്ഷികളുടെ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാനും മെച്ചപ്പെട്ട ഏകോപനത്തിനും ഇതു സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.