പലപ്പോഴും നിങ്ങൾക്ക് കിട്ടേണ്ട അഭിനന്ദനങ്ങളെല്ലാം ഞാനാണ് ഏറ്റുവാങ്ങുന്നതെന്ന് പറഞ്ഞപ്പോൾ ഫഹദ് ഒരു മറുപടി തന്നു: ഷൈൻ ടോം ചാക്കോ
Entertainment
പലപ്പോഴും നിങ്ങൾക്ക് കിട്ടേണ്ട അഭിനന്ദനങ്ങളെല്ലാം ഞാനാണ് ഏറ്റുവാങ്ങുന്നതെന്ന് പറഞ്ഞപ്പോൾ ഫഹദ് ഒരു മറുപടി തന്നു: ഷൈൻ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 19th June 2024, 12:22 pm

ഫഹദ് എന്ന നടൻ ഒരു ബ്രാൻഡായി വളർന്ന് കൊണ്ടിരിക്കുകയാണ്. കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ ഫഹദ് ആരംഭത്തിൽ തന്നെ തിരിച്ചടി നേരിട്ടെങ്കിലും പിന്നീട് മലയാള സിനിമ കണ്ടത് ഫഹദിന്റെ ഗംഭീര തിരിച്ചുവരവായിരുന്നു.

ഇന്നിപ്പോൾ മലയാളം പോലെ തന്നെ അന്യഭാഷകളിലും തിരക്കുള്ള നടനാണ് ഫഹദ്. വിക്രത്തിൽ കമൽ ഹാസനൊപ്പവും പുഷ്പയിൽ അല്ലു അർജുനൊപ്പവുമെല്ലാം കയ്യടി നേടാൻ ഫഹദിന് കഴിഞ്ഞു. ഏറ്റവും അവസാനമിറങ്ങിയ ആവേശവും വലിയ ശ്രദ്ധയാണ് വിവിധ ഭാഷകളിൽ നേടിയത്.

ഫഹദ് ഫാസിലിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. പലപ്പോഴും കേരളത്തിന് പുറത്തുപോവുമ്പോൾ താനാണ് ഫഹദെന്ന് കരുതി ആളുകൾ അടുത്തേക്ക് വരാറുണ്ടെന്ന് താരം പറയുന്നു.

ഈയിടെ ഫഹദിനോട്‌ അതിനെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും താരം സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ഞാൻ പുറത്തൊക്കെ പോവുമ്പോൾ ആളുകൾ എന്റെ അടുത്തേക്ക് കൂടുതലും വരുന്നത് ഞാൻ ഫഹദ് ആണെന്ന് കരുതിയാണ്. ഇത് നമ്മുടെ പുഷ്പയിലെ നടൻ അല്ലേ, ആവേശത്തിലെ നടൻ അല്ലേ എന്നൊക്കെയാണ് അവർ ചോദിക്കാറുള്ളത്.

രണ്ട് മൂന്ന് ദിവസം മുന്നെ ഞാൻ നിഷാദ് ഇക്കയുടെ പടത്തിൽ ജോയിൻ ചെയ്തിട്ടുണ്ട്. അതവിടെ റാമോജി ഫിലിം സിറ്റിയിലാണ്. അവിടെ സിനിമ ഷൂട്ട്‌ ചെയ്യാൻ പോയപ്പോൾ അപ്പുറത്ത് ഫഹദ് പുഷ്പ 2 ഷൂട്ട്‌ ചെയ്യുന്നുണ്ട്.

ഞാൻ ഫഹദിനെ പോയി കണ്ടു. ഞാൻ ഫഹദിനോട് പറഞ്ഞു, പലപ്പോഴും ഞാനാണ് നിങ്ങൾക്ക് കിട്ടേണ്ട അഭിനന്ദനങ്ങളെല്ലാം ഏറ്റുവാങ്ങുന്നതെന്ന്. ഫഹദ് ചിരിച്ചുകൊണ്ട് പറഞ്ഞു, അത് അങ്ങനെ തന്നെ പോട്ടെയെന്ന്,’ഷൈൻ ടോം ചാക്കോ പറയുന്നു.

 

Content Highlight: Shine tom chakko About Fahad Fazil