Entertainment
അന്ന് കിട്ടാവുന്നതില്‍ ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രം; ആ സെന്റിമെന്റ്‌സില്‍ ഞാന്‍ പിടിച്ചു കയറി: ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 06, 05:53 am
Tuesday, 6th August 2024, 11:23 am

രതീഷ് രവി തിരക്കഥ എഴുതി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലര്‍ ചിത്രമാണ് ഇഷ്‌ക്. 2019ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍, ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്. ഷെയ്ന്‍ നിഗം സച്ചിയെന്ന കഥാപാത്രമായി എത്തിയ ഇഷ്‌ക്കില്‍ ആല്‍വിന്‍ എന്ന കഥാപാത്രമായാണ് ഷൈന്‍ ടോം ചാക്കോ അഭിനയിച്ചത്.

ഇപ്പോള്‍ ആ സിനിമയെ കുറിച്ച് പറയുകയാണ് ഷൈന്‍. ആ സമയത്ത് തനിക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രമായിരുന്നു ഇഷ്‌ക്കിലേത് എന്നാണ് അദ്ദേഹം പറയുന്നത്. താന്‍ ഈ കാര്യം സംവിധായകന്‍ അനുരാജ് മനോഹറിനോട് സംസാരിച്ചിരുന്നുവെന്നും താരം പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍ ടോം ചാക്കോ.

‘ആ സമയത്ത് കിട്ടാവുന്നതില്‍ ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രമായിരുന്നു ഇഷ്‌ക്കിലേത്. ഞാന്‍ അനുരാജിനോട് അതിനെ കുറിച്ച് സംസാരിച്ചിരുന്നു. നിങ്ങള്‍ വളരെ ബുദ്ധിപരമായല്ലേ എന്നെ കാസ്റ്റ് ചെയ്തത് എന്ന് ഞാന്‍ ചോദിച്ചു. കാരണം ആ കഥാപാത്രത്തെ ആളുകള്‍ അത്രയും വെറുക്കേണ്ടതുണ്ട്. ഇറിട്ടേഷന്‍ ഉണ്ടാക്കുകയും വേണം. അവസാനം അവന് തല്ലുകൊള്ളുകയും വേണം. ആ തല്ല് കൊണ്ട് കഴിയുമ്പോള്‍ അയ്യോ അവനെ ഇത്രയും അടിക്കേണ്ടായിരുന്നു എന്നുള്ള ഒരു സെന്റിമെന്റ്‌സ് കയറും. ആ സെന്റിമെന്റ്‌സില്‍ ആണ് ഞാന്‍ പിന്നെ പിടിച്ചങ്ങ് കയറുന്നത്,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന സിനിമയെ കുറിച്ചാണ് ഷൈന്‍ സംസാരിച്ചത്. അതിലെ മമ്മൂട്ടിയുടെ മുരിക്കിന്‍കുന്നത്ത് അഹമ്മദ് ഹാജി എന്ന കഥാപാത്രം വളരെ ശക്തമാണെന്നും അദ്ദേഹം പറയുന്നു.

‘പാലേരി മാണിക്യം എന്ന സിനിമയിലെ മുരിക്കിന്‍കുന്നത്ത് അഹമ്മദ് ഹാജി എന്ന കഥാപാത്രം എന്തൊരു പവര്‍ഫുള്ളാണ്. ആ കഥാപാത്രത്തെ കണ്ടിട്ട് നമ്മളൊക്കെ തകര്‍ന്നു പോയതാണ്. അതേ മമ്മൂക്ക തന്നെയാണ് അടുത്ത സിനിമ വരുമ്പോള്‍ നമ്മളെ ഇപ്പുറത്ത് കരയിപ്പിക്കുന്നത്. പക്ഷെ അതിനേക്കാള്‍ ഇമ്പാക്ട് ആ നെഗറ്റീവ് കഥാപാത്രത്തിനുണ്ട്. നടന്‍ എന്ന രീതിയില്‍ മമ്മൂക്കയുടെ നോട്ടങ്ങളൊക്കെ നല്ല എഫക്ടീവ് തന്നെയാണ്. ഈ അടുത്ത് ഇറങ്ങിയ മമ്മൂക്കയുടെ സിനിമയാണ് ഭ്രമയുഗം. ആ സിനിമയിലും മമ്മൂക്കയുടെ ചേഷ്ടകളെ നന്നായി ഉപയോഗിച്ചിട്ടുണ്ട്,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

Content Highlight: Shine Tom Chacko Talks About Ishq Movie