Entertainment
മമ്മൂട്ടിയുടെ അനിയന്മാരിലൊരാളായി സൂര്യയെയാണ് ആലോചിച്ചത്, കഥ കേട്ട് സൂര്യ ഇമോഷണലായി: ലിംഗുസാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 26, 12:13 pm
Wednesday, 26th March 2025, 5:43 pm

തമിഴിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ലിംഗുസാമി. മമ്മൂട്ടിയെ നായകനാക്കി ഒരുങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് ലിംഗുസാമി സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചത്. പിന്നീട് റണ്‍, സണ്ടക്കോഴി, പയ്യാ, ഭീമാ തുടങ്ങി മികച്ച ചിത്രങ്ങള്‍ ലിംഗുസാമി അണിയിച്ചൊരുക്കി. നിര്‍മാണത്തിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ലിംഗുസാമിക്ക് സാധിച്ചിട്ടുണ്ട്.

തന്റെ ആദ്യ ചിത്രമായ ആനന്ദത്തെക്കുറിച്ച് സംസാരിക്കുകയാണ് ലിംഗുസാമി. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായപ്പോള്‍ ഇപ്പോള്‍ കാണുന്ന കാസ്റ്റല്ലായിരുന്നു തന്റെ മനസിലെന്ന് ലിംഗുസാമി പറഞ്ഞു. വലിയ കാസ്റ്റുള്ള സിനിമയാണ് താന്‍ ആദ്യം മനസില്‍ കണ്ടതെന്നും തന്റെ സ്വപ്‌നങ്ങള്‍ അത്രമാത്രം വലുതായിരുന്നെന്നും ലിംഗുസാമി കൂട്ടിച്ചേര്‍ത്തു.

കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന സിനിമയുടെ പോസ്റ്റര്‍ ആയിടക്ക് കണ്ടെന്നും തന്റെ ആദ്യസിനിമ അതുപോലെയായിരിക്കണമെന്ന് ആഗ്രഹിച്ചെന്നും ലിംഗുസാമി പറഞ്ഞു. ഒരു സൈഡില്‍ ഐശ്വര്യ റായ്‌യും തബുവുമാണെങ്കില്‍ അടുത്ത സൈഡില്‍ മമ്മൂട്ടിയും അജിത്തും അബ്ബാസുമൊക്കെയുള്ള പോസ്റ്റര്‍ തന്നെ മോഹിപ്പിച്ചെന്നും ലിംഗുസാമി പറയുന്നു.

മമ്മൂട്ടി, സൂര്യ, അജിത്, ഇദയം മുരളി എന്നിവരെ കാസ്റ്റ് ചെയ്യാനായിരുന്നു ആദ്യം ആലോചിച്ചതെന്നും ലിംഗുസാമി പറഞ്ഞു. ചിത്രത്തിന്റെ നിര്‍മാതാക്കളായ സൂപ്പര്‍ ഗുഡ് ഫിലിംസ് സൂര്യയുടെ ഡേറ്റ് വാങ്ങിയിരുന്നെന്നും ശിവകുമാറും സൂര്യയും കഥ കേട്ട് ഇമോഷണലായെന്നും ലിംഗുസാമി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അജിത്തിന്റെ ഡേറ്റ് മാത്രം കിട്ടിയില്ലെന്നും അങ്ങനെ തന്റെ മനസിലുള്ളതുപോലെ ആ സിനിമ ചെയ്യാന്‍ സാധിച്ചില്ലെന്നും ലിംഗുസാമി പറഞ്ഞു. ആനന്ദ വികടനോട് സംസാരിക്കുകയായിരുന്നു ലിംഗുസാമി.

‘ഏത് പടത്തിന്റെ സ്‌ക്രിപ്റ്റ് എഴുതിയാലും അതിന്റെ കാസ്റ്റിലേക്ക് ഞാന്‍ വലിയ സ്റ്റാറുകളെയായിരിക്കും ആലോചിക്കുക. ചില സമയം പവന്‍ കല്യാണിനെയും ചിരഞ്ജീവിയെയും ഒക്കെയായിരിക്കും മനസില്‍ കാണുന്നത്. ആനന്ദത്തിന്റെ സ്‌ക്രിപ്റ്റ് എഴുതിയപ്പോഴും ഞാന്‍ മനസില്‍ കണ്ടത് വലിയ സ്റ്റാറുകളെയായിരുന്നു.

ആ സമയത്താണ് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന പടത്തിന്റെ പോസ്റ്റര്‍ ഇറങ്ങിയത്. അത് നോക്കിയാല്‍ ഒരു സൈഡില്‍ ഐശ്വര്യ റായ്‌യും തബുവും. മറ്റേ സൈഡില്‍ മമ്മൂട്ടി സാര്‍, അജിത് സാര്‍, അബ്ബാസ് എന്നിവര്‍. അതുപോലെ ഒന്ന് എന്റെ പടത്തിലും വേണമെന്ന് ആഗ്രഹിച്ചു.

മമ്മൂട്ടി സാറിന്റെ അനിയന്മാരായി അജിത് സാര്‍, സൂര്യ, ഇദയം മുരളി സാര്‍ എന്നിവരെ കൊണ്ടുവരാന്‍ പ്ലാന്‍ ചെയ്തു. സൂര്യ സാറിന്റെ ഡേറ്റ് സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ കൈയില്‍ ഉണ്ടായിരുന്നു. ശിവകുമാര്‍ സാറും സൂര്യയും കൂടിയായിരുന്നു കഥ കേട്ടത്. രണ്ടുപേരും കഥ കേട്ട് ഇമോഷണലായി. എന്നാല്‍ അജിത് സാറിന്റെ ഡേറ്റ് മാത്രം കിട്ടിയില്ല. അങ്ങനെ ആ കാസ്റ്റ് കംപ്ലീറ്റ് മാറ്റേണ്ടി വന്നു,’ ലിംഗുസാമി പറയുന്നു.

Content Highlight: Lingusamy saying he considered Suriya in Aanandam movie as Mammooty’s Brother