Film News
ആറാടുന്നത് കഥാപാത്രമായിട്ടാവണം, താരമായിട്ടല്ല, ഇതൊക്കെ നമ്മളെ കാണിച്ചുതന്നത് ആരാണോ അവര്‍: ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 11, 07:16 am
Sunday, 11th December 2022, 12:46 pm

പണ്ട് മോഹന്‍ലാലിലെ കഥാപാത്രത്തെയാണ് കണ്ടിരുന്നതെന്നും എന്നാല്‍ ഇന്ന് താരത്തെയാണ് കാണുന്നതെന്നും പറയുകയാണ് ഷൈന്‍ ടോം ചാക്കോ. താരമായിട്ടല്ല, കഥാപാത്രമായിട്ടാണ് അഭിനയിക്കേണ്ടതെന്നും എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ പറഞ്ഞു.

‘ഞാന്‍ ഏറ്റവും ആദ്യം ആകര്‍ഷിക്കപ്പെട്ടത് മോഹന്‍ലാലിലേക്കാണ്. കാരണം ആ സമയങ്ങളില്‍ പുള്ളിയില്‍ നമ്മള്‍ നടനെ കണ്ടിട്ടില്ല. ഈ സമയങ്ങളില്‍ കഥാപാത്രങ്ങളെ കാണുന്നില്ല. താരത്തെയാണ് കൂടുതലും കാണുന്നത്. പണ്ട് സേതു മാധവന്‍ കീരിക്കാടനെ അടിക്കാന്‍ പോവുമ്പോള്‍ തിയേറ്ററിലിരുന്ന് ‘അവനെ തോല്‍പ്പിക്കാന്‍ പറ്റൂല്ല സേതുമാധവാ,’ എന്ന് വിളിച്ചുപറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

പക്ഷേ ഇന്ന് ആദ്യത്തെ ഷോട്ട് കാണുമ്പോള്‍ തന്നെ നമുക്കറിയാം, എത്ര ലക്ഷം ആളുകള്‍ വന്നാലും ഇടിച്ചിടുമെന്ന്. ആറാടുന്നത് കഥാപാത്രമായിട്ടാവണം, താരമായിട്ടല്ല, അത് നമ്മളെ കാണിച്ചുതന്നത് ആരാണോ അവര്‍.

ആ താരം എന്ന ചിന്ത എന്ന തലയിലേക്കും കേറിയിട്ടുണ്ട്. പല കഥാപാത്രങ്ങളിലും ഒരേ മാനറിസങ്ങള്‍ വന്ന് തുടങ്ങി. അത് നമ്മള്‍ ആദ്യം കണ്ടുപിടിക്കണം. ഒരു ട്രിക്ക് കണ്ടുപിടിച്ചുകഴിഞ്ഞാല്‍ ആ ട്രിക്ക് ആദ്യം മറക്കേണ്ടത് നമ്മള്‍ തന്നെയാണ്. ആക്ടിങ്ങിന്റെ ട്രിക്ക് ചിന്തയാണ്. എല്ലാം ആദ്യം ഉണ്ടാകേണ്ടത് ചിന്തയിലാണ്. എന്നിട്ടാണ് അത് വചനമായും വാക്കുകളായും പ്രവര്‍ത്തിയായും പുറത്തേക്ക് വരുന്നത്.

സിനിമയിലെത്തിയത് ഒരു കഷ്ടപ്പാടായി കാണുന്നില്ല. ഇതല്ലാതെ എനിക്ക് വേറൊന്നും ചെയ്യാനില്ല. ഇതെന്റെ ഏറ്റവും എളുപ്പമുള്ള വഴിയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് അത്രയും എളുപ്പമുള്ള വഴിയാണ് സിനിമ,’ ഷൈന്‍ പറഞ്ഞു.

സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത ഭാരത സര്‍ക്കസ്, സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത റോയ് എന്നിവയാണ് ഏറ്റവും പുതുതായി ഷൈന്‍ ടോം ചാക്കോ അഭിനയിച്ച് റിലീസ് ചെയ്ത ചിത്രങ്ങള്‍. ഇരു ചിത്രങ്ങളിലും പൊലീസ് ഉദ്യോഗസ്ഥനായാണ് ഷൈന്‍ വന്നത്.

ജാതിയുടെ രാഷ്ട്രീയം പ്രമേയമാക്കിയ ഭാരത സര്‍ക്കസില്‍ ബിനു പപ്പുവാണ് കേന്ദ്രകഥാപാത്രമായത്. ചാപ്റ്റേഴ്സ്, അരികില്‍ ഒരാള്‍, വൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത റോയിയില്‍ സുരാജ് വെഞ്ഞാറമൂടാണ് കേന്ദ്രകഥാപാത്രമായി എത്തിയത്.

Content Highlight: shine tom chacko about mohanlal’s acting