national news
ഷിന്‍ഡെക്ക് ആശ്വാസം; മഹാരാഷ്ട്രയില്‍ ഉദ്ധവ് സര്‍ക്കാരിനെ വീണ്ടും നിയോഗിക്കാന്‍ സാധിക്കില്ല: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 May 11, 07:48 am
Thursday, 11th May 2023, 1:18 pm

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ സര്‍ക്കാരിനെ വീണ്ടും നിയോഗിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ശിവസേനയുടെ വിള്ളലുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിന് മുമ്പ് ഉദ്ധവ് താക്കറെ രാജി വെച്ചത് കൊണ്ട് താക്കറെ സര്‍ക്കാരിനെ പുനസ്ഥാപിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം വിശ്വാസ വോട്ടെടുപ്പിനുള്ള ഗവര്‍ണരുടെ തീരുമാനവും വിപ്പ് നിയമിക്കാനുള്ള സ്പീക്കറുടെ തീരുമാനവും തെറ്റായിരുന്നുവെന്നും കോടതി സൂചിപ്പിച്ചു.

‘വിപ്പിനെ നിയമിക്കുന്നത് നിയമനിര്‍മാണ കക്ഷിയാണെന്ന് കരുതുന്നത് രാഷ്ട്രീയ പാര്‍ട്ടിയുമായുള്ള പൊക്കിള്‍ കൊടി വിച്ഛേദിക്കുന്നതിന് തുല്യമാണ്. ഒരു കൂട്ടം എം.എല്‍.എമാര്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് ഒഴിവാകാമെന്നാണ് ഇത് അര്‍ത്ഥം വെക്കുന്നത്,’ കോടതി നിരീക്ഷിച്ചു.

ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിലെ ഗോഗവാലെയെ ശിവസേനയുടെ വിപ് ആയി നിയമിച്ച സ്പീക്കറുടെ നടപടിയെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്.

അധികാരത്തിലെത്താന്‍ വേണ്ടി ഷിന്‍ഡെ വിഭാഗം നടത്തിയ പോരാട്ടങ്ങളെയും കോടതി തള്ളിപ്പറഞ്ഞിട്ടുണ്ട്.

‘ഒരു രാഷ്ട്രീയ പാര്‍ട്ടീ നേതാവായി ഉദ്ധവ് താക്കറെ നില്‍ക്കുമ്പോള്‍ തന്നെ വിമത വിഭാഗം വിപ്പ് നല്‍കിയത് ശരിയല്ല. നിയമപരമായി ഒരു രേഖകളും സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടോ എന്നുള്ളത് പരിശോധിക്കാന്‍ ഗവര്‍ണരുടെ മുന്നിലുണ്ടായിരുന്നില്ല. എന്നിട്ടും ഗവര്‍ണര്‍ വിശ്വാസ വോട്ടെടുപ്പിന് ശ്രമിക്കുകയാണ് ചെയ്തത്,’ സുപ്രീം കോടതി വ്യക്തമാക്കി.

അതേസമയം ഷിന്‍ഡെ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് പറയാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് എം.ആര്‍. ഷാ, ജസ്റ്റിസ് കൃഷ്ണ മുറാറി, ജസ്റ്റിസ് ഹിമ കോഹ്‌ലി ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവര്‍ ഫെബ്രുവരി 14ന് തന്നെ വാദം കേട്ടിരുന്നു. പിന്നീട് വിധി പറയുന്നത് മാറ്റി വെക്കുകയായിരുന്നു.

content highlight: Shindek relief; Can’t re-appoint Uddhav government in Maharashtra: Supreme Court