ഒരടി പിറകോട്ടില്ല; അമിത്ഷായുടെ വസതിയിലേക്ക് ഷാഹീന്‍ ബാഗ് പ്രതിഷേധക്കാര്‍ മാര്‍ച്ച് ആരംഭിച്ചു; പ്രദേശത്ത് കനത്ത പൊലീസ് കാവല്‍
national news
ഒരടി പിറകോട്ടില്ല; അമിത്ഷായുടെ വസതിയിലേക്ക് ഷാഹീന്‍ ബാഗ് പ്രതിഷേധക്കാര്‍ മാര്‍ച്ച് ആരംഭിച്ചു; പ്രദേശത്ത് കനത്ത പൊലീസ് കാവല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th February 2020, 2:47 pm

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ വസതിയിലേക്ക് ഷാഹീന്‍ ബാഗ് പ്രതിഷേധക്കാരുടെ മാര്‍ച്ച് ആരംഭിച്ചു. ബാനറുകളും പതാകകളുമായാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് ചെയ്യുന്നത്. മാര്‍ച്ചില്‍ നിന്നും ഒരടി പിറകോട്ടില്ലെന്ന് സമരക്കാര്‍ അറിയിച്ചു.

പ്രതിഷേധമാര്‍ച്ചിന് ഇതുവരെയും പൊലീസ് അനുമതി ലഭിച്ചിട്ടില്ല. പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്തുകൊണ്ടു വേണം സമരക്കാര്‍ക്ക് മുന്നോട്ടു പോവാന്‍.

കഴിഞ്ഞ ഡിസംബര്‍ 15 മുതലാണ് ഷാഹീന്‍ ബാഗില്‍ പ്രതിഷേധക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമാരംഭിച്ചത്. ഷാഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി നിരവധിപേരാണ് രംഗത്തെത്തിയിട്ടുള്ളത്.

പ്രദേശത്ത് കനത്ത പൊലീസ് കാവലുണ്ട്. മാര്‍ച്ച് തടയാനായി രണ്ടിടത്ത് പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് വിയോജിപ്പുകളുള്ള ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഇത്തരമൊരു നീക്കത്തിലേക്ക് കടക്കുന്നതെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചിരുന്നു.

അമിത് ഷായുടെ ദല്‍ഹിയിലെ വസതിയിലേക്ക് ഞായറാഴ്ച മാര്‍ച്ച് നടത്തുമെന്ന് സമര സമിതി നേരത്തേ അറിയിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതി എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ട് അമിത് ഷായെ കാണുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും സംശയങ്ങളുള്ളവര്‍ക്ക് തന്റെ ഓഫീസുമായി ബന്ധപ്പെടാമെന്നും അമിത് ഷാ ടൈംസ് നൗ സമിറ്റില്‍ വ്യക്തമാക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിന് ശേഷം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുന്‍ ഐ.എ.എസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥനും അറിയിച്ചിരുന്നു.