ഐ.പി.എല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള സതേണ്‍ ഡെര്‍ബിയാണ് നടക്കാനിരിക്കുന്നത്. ചെന്നൈയുടെ തട്ടകമായ എം. എ. ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. സീസണിലെ രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നത്.
Come one and come all 🥳
Bring out the whistles 💛 and bring out the cheers ❤
It’s time for the Southern Derby 🔥@ChennaiIPL 🆚 @RCBTweets #TATAIPL | #CSKvRCB pic.twitter.com/RiX1ZFdqov
— IndianPremierLeague (@IPL) March 28, 2025
എല്‍ ക്ലാസിക്കോയില്‍ ജയം സ്വന്തമാക്കി ആത്മവിശ്വാസത്തോടെയാണ് ചെന്നൈ ബെംഗളുരുവിനെതിരെ പോരാടാന്‍ എത്തുന്നത്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നാല് വിക്കറ്റിനാണ് സി.എസ്.കെ പരാജയപ്പെടുത്തിയത്.
അതേസമയം, സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ബെംഗളൂരു നേടിയത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് റോയല്‍ ചലഞ്ചേഴ്സ് തകര്‍ത്തത്.
മത്സരത്തിന് മുന്നോടിയായി ബെംഗളൂരു സൂപ്പര്‍ താരം വിരാട് കോഹ്ലിക്ക് മുന്നറിയിപ്പുമായി വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ജഡേജ, അശ്വിന്‍, നൂര്‍ എന്നിവര്‍ക്കെതിരെ വിരാട് ജാഗ്രത പാലിക്കേണ്ടതുണ്ട് എന്നാണ് കൈഫ് പറഞ്ഞത്. പവര്‍പ്ലേയില്‍ നന്നായി ബാറ്റ് ചെയ്യാനായാല്‍ വിരാട് ബൗളര്‍മാരെ കൂടുതല്‍ ആക്രമിക്കുമെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജഡേജ, അശ്വിന്‍, നൂര്‍ എന്നിവര്‍ക്കെതിരെ വിരാട് ജാഗ്രത പാലിക്കേണ്ടതുണ്ട്. പവര്‍പ്ലേ ഓവറുകളില്‍ നന്നായി ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞാല്‍, അദ്ദേഹം ബൗളര്‍മാരെ കൂടുതല്‍ ആക്രമിക്കും,’ കൈഫ് പറഞ്ഞു.
വിരാട് കോഹ്ലി കൊല്‍ക്കത്തക്കെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തില്‍ 36 പന്തില്‍ പുറത്താവാതെ താരം 59 റണ്‍സെടുത്തിരുന്നു. മൂന്ന് സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു വിരാടിന്റെ ഇന്നിങ്സ്. ചെന്നൈക്കെതിരെയുള്ള മത്സരത്തിലും മികച്ച പ്രകടനം നടത്താനും ടീമിനെ വിജയത്തിലെത്തിക്കാനുമായിരിക്കും ലക്ഷ്യമിടുന്നത്.
അതേസമയം, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 2008ലാണ് അവസാനമായി സി.എസ്.കെക്കെതിരെ ചെന്നൈയില്‍ വിജയിച്ചത്. അതിനാല്‍ അവര്‍ ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.
Content Highlight: IPL 2025: CSK vs RCB: Former Indian Player Mohammad Kaif Warns Virat Kohli