സെറ്റില്‍ സുരക്ഷയൊരുക്കിയില്ല; മഞ്ജു വാര്യര്‍ക്കെതിരെ വക്കീല്‍ നോട്ടീസ്
Kerala News
സെറ്റില്‍ സുരക്ഷയൊരുക്കിയില്ല; മഞ്ജു വാര്യര്‍ക്കെതിരെ വക്കീല്‍ നോട്ടീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd August 2024, 11:05 am

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഫുട്ടെജ് ഈ മാസം ഓഗസ്റ്റ് 23ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ നിര്‍മാതാവും മഞ്ജു വാര്യര്‍ തന്നെയാണ്. ഇതേ ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നടിയും അസിസ്റ്റന്റ് ഡയറക്ടറും ആയ ശീതള്‍ തമ്പിയാണ്.

സിനിമയുടെ ചിത്രീകരണവേളയില്‍ അപകടം ഉണ്ടായെന്നും എന്നാല്‍ വേണ്ട രീതിയില്‍ ചികിത്സ ചെലവ് ലഭിച്ചില്ലെന്നും അതുകൊണ്ടുതന്നെ അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് ശീതള്‍ വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മഞ്ജു വാര്യര്‍ക്കും നിര്‍മാണ കമ്പനി മൂവി ബക്കറ്റിലെ പാര്‍ട്ണറായ ബിനീഷ് ചന്ദ്രനുമെതിരെയാണ് ഇവര്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ചിമ്മിനി വനമേഖലയില്‍ ചിത്രീകരിച്ചിരുന്ന ഫൈറ്റ് സീനില്‍ ശീതള്‍ അഭിനയിച്ചിരുന്നു. മതിയായ സുരക്ഷയില്ലാതെ ഷൂട്ട് ചെയ്യുകയും നിരവധി തവണ ഷൂട്ട് ചെയ്യേണ്ടി വന്നതിനാല്‍ ശീതളിന് പരിക്കുണ്ടായി എന്നുമാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. ഷൂട്ടിങ് ലൊക്കേഷനില്‍ ആംബുലന്‍സ് സൗകര്യം പോലും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും നോട്ടീസില്‍ പറയുന്നു.

പരിക്കിനെ തുടന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശീതളിനെ ഉടനടി തന്നെ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. എന്നാല്‍ നിര്‍മാണ കമ്പനി പല ഘട്ടങ്ങളിലായി ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ മാത്രമാണ് നല്കിയതെന്നനും നിലവില്‍ മറ്റു ജോലിക്ക് പോകാന്‍ കഴിയാത്തതിനാല്‍ അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്.

Content Highlight: Sheethal Tampi file legal  notice against Manju Warrier