ന്യൂദല്‍ഹി: നടനും മുന്‍ ബി.ജെ.പി എം.പിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ ചേരാനുള്ള സന്നദ്ധത നേരത്തേ അറിയിച്ചിരുന്ന സിന്‍ഹ ഇന്ന് ദല്‍ഹിയില്‍ വെച്ചാണ് ഔദ്യോഗികമായി പാര്‍ട്ടിപ്രവേശം നടത്തിയത്.
ബി.ജെ.പിയുടെ സ്ഥാപകദിവസം തന്നെയാണു സിന്‍ഹയുടെ പാര്‍ട്ടിപ്രവേശമെന്നതു ശ്രദ്ധേയമാണ്. വര്‍ഷങ്ങളോളം ബി.ജെ.പിയുമായി ബന്ധമുണ്ടായിരുന്ന സിന്‍ഹ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും കടുത്ത വിമര്‍ശകനാണ്.
ബി.ജെ.പിയെ “വണ്‍ മാന്‍ ഷോ, ടൂ മെന്‍ ആര്‍മി” എന്നാണു സിന്‍ഹ വിശേഷിപ്പിച്ചത്. എല്ലാം പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നാണു സംഭവിക്കുന്നതെന്നും മന്ത്രിമാര്‍ക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എങ്ങനെയാണു ജനാധിപത്യം ഏകാധിപത്യത്തിലേക്കു മാറിയതെന്നു തങ്ങള്‍ കണ്ടെന്നും അദ്ദേഹം പറഞ്ഞു.
അദ്വാനിയെ മാര്‍ഗദര്‍ശക് മണ്ഡലിലേക്കാണ് അയച്ചത്. എന്നാല്‍ അവിടെ ഒരു യോഗം പോലും ഇതുവരെ നടന്നിട്ടില്ല. ജസ്വന്ത് സിങ്, യശ്വന്ത് സിന്‍ഹ എന്നിവരോടും അതുതന്നെയാണു ചെയ്തത്. ഞാനൊരു വിമര്‍ശകനായതിനാലാണ് എനിക്കു മന്ത്രിപദവി നല്‍കാത്തത്.- സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
താന്‍ ബിഹാറിലെ പട്‌ന സാഹിബില്‍ നിന്നു മത്സരിക്കുമെന്നു സിന്‍ഹ നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി സിന്‍ഹ പ്രതിനിധീകരിക്കുന്ന ലോക്‌സഭാ മണ്ഡലമാണിത്.