ന്യൂദല്‍ഹി: എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വിജയിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അഭിനന്ദനവുമായി ശശി തരൂര്‍. ആയിരത്തിലധികം പേരുടെ പിന്തുണ തനിക്ക് ലഭിച്ചത് വലിയ നേട്ടമായി കാണുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കത്തിലായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
പാര്‍ട്ടി പ്രവര്‍ത്തകരുടെ അന്തിമ വിധിയെഴുത്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെക്ക് അനുകൂലമായിരിക്കുകയാണ്. ഈ വിജയത്തില്‍ എന്റെ ഹൃദയംനിറഞ്ഞ ആശംസകള്‍ അറിയിക്കുന്നു. വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിന് കോണ്‍ഗ്രസ് സഹപ്രവര്‍ത്തകരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പാര്‍ട്ടിയുടെ പുനരുജ്ജീവനം യഥാര്‍ത്ഥത്തില്‍ ഇന്ന് ആരംഭിച്ചിട്ടുണ്ടെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനാകുക എന്നത് വലിയ അംഗീകാരവും ഉത്തരവാദിത്വവുമാണ്. രാജ്യവ്യാപകമായി കോണ്‍ഗ്രസിന്റെ നന്മ കൊതിക്കുന്നവരുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമുള്ള അംഗീകാരമാണിത്.
ആ പ്രവര്‍ത്തനത്തില്‍ ഖാര്‍ഗെക്ക് എല്ലാ ആംശസകളും നേരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ തീരുമാനം അന്തിമമാണ്. തന്റെ പരാജയം അംഗീകരിക്കുന്നു. ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ഒന്നിച്ചുനിന്ന് പാര്‍ട്ടിയെ പുതിയ ഉയരങ്ങളിലെത്തിക്കാമെന്ന് ഉറപ്പുണ്ട്.
It is a great honour & a huge responsibility to be President of @INCIndia &I wish @Kharge ji all success in that task. It was a privilege to have received the support of over a thousand colleagues,& to carry the hopes& aspirations of so many well-wishers of Congress across India. pic.twitter.com/NistXfQGN1
ആയിരത്തിലധികം സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിച്ചതും ഇന്ത്യയിലുടനീളമുള്ള കോണ്‍ഗ്രസിന്റെ അഭ്യുദയകാംക്ഷികള്‍ അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും എന്നിലര്‍പ്പിച്ചതും അഭിമാനമായി കരുതുന്നുവെന്നും തരൂര്‍ കുറിച്ചു.
മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മധുസൂദന്‍ മിസ്ത്രി തുങ്ങിയവര്‍ക്കും തരൂര്‍ നന്ദി അറിയിച്ചു.
നെഹ്റു-ഗാന്ധി കുടുംബത്തിന് നന്ദി പറയുകയും അവര്‍ കോണ്‍ഗ്രസിന്റെ അടിസ്ഥാന സ്തംഭമായി തുടരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതായും ശശി തരൂര്‍ പറഞ്ഞു.
‘സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിനെ പിന്തുണക്കാന്‍ തങ്ങളാല്‍ കഴിയുന്നത് ചെയ്ത മുന്‍ പ്രസിഡന്റ് ശ്രീ രാഹുല്‍ ഗാന്ധിക്കും ശ്രീമതി പ്രിയങ്ക ഗാന്ധി വദ്രയ്ക്കും നന്ദിയറിയിക്കുന്നു.
നെഹ്റു-ഗാന്ധി കുടുംബത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി അംഗങ്ങളുടെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം എപ്പോഴും ഉണ്ട്. ഭാരത് ജോഡോ യാത്രയുടെ ഗംഭീരമായ വിജയം ഗാന്ധി കുടുംബിത്തിനുള്ള ജനങ്ങളുടെ താല്‍പര്യത്തെ വിളിച്ചോതുന്നതാണ്. അത് എപ്പോഴും ഉണ്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ ശശി തരൂര്‍ കുറിച്ചു.
അതേസമയം, ശശി തരൂരിനെതിരെ 7897 വോട്ടുകള്‍ നേടിയാണ് ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഖാര്‍ഗെ എ.ഐ.സി.സി പ്രസിഡന്റായി വിജയിച്ചത്. തരൂരിന് 1072 വോട്ടുകള്‍ ലഭിച്ചു. 416 വോട്ടുകള്‍ അസാധുവായി.
24 വര്‍ഷത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ അധ്യക്ഷ പദവിയിലെത്തുന്നത്. നിലവില്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എം.പിയാണ് ഖാര്‍ഗെ.
22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിന്റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് ആറാം തവണയാണ് അധ്യക്ഷ പദത്തിലേക്ക് മത്സരം നടക്കുന്നത്.