ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മടങ്ങിവരണമെന്ന് ശശി തരൂര്‍ എം.പി. തിരിച്ചുവരാന്‍ രാഹുലിന് രാജി പിന്‍വലിച്ചാല്‍ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു.
‘രാഹുല്‍ ഗാന്ധി തിരിച്ചുവരാന്‍ തയ്യാറാണെങ്കില്‍ അദ്ദേഹത്തിന് രാജി പിന്‍വലിച്ചാല്‍ മാത്രം മതി. പാര്‍ട്ടി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും അത് സ്വീകരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. കാരണം 2017 ഡിസംബറില്‍ അദ്ദേഹം ഔദ്യോഗികമായി അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ്’, ശശി തരൂര്‍ പറഞ്ഞു.
ഇനി മടങ്ങിവരാന്‍ താല്‍പ്പര്യമില്ല എന്നാണ് അദ്ദേഹം പറയുന്നതെങ്കില്‍ എത്ര നാള്‍ ഇങ്ങനെ പാര്‍ട്ടിയ്ക്ക് മുന്നോട്ടുപോകാന്‍ കഴിയുമെന്നാണ് പ്രവര്‍ത്തകരുടെ ഉള്ളിലുള്ള ചോദ്യമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരമായി ഈ സമസ്യയ്ക്കുള്ള ഉത്തരം വേണമെന്നും തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സ്ഥിരം നേതാവില്ലാത്തതില്‍ അതൃപ്തി അറിയിച്ച് ഞായറാഴ്ചയും ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നായകനില്ലാത്ത പ്രസ്ഥാനമാണെന്ന ധാരണ തിരുത്താന്‍ എത്രയും പെട്ടന്ന് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നായിരുന്നു തരൂര്‍ പറഞ്ഞത്.
ഇടക്കാല അധ്യക്ഷ ചുമതല സോണിയ ഗാന്ധിയുടെ ചുമലില്‍ അനിശ്ചിതമായി ഏല്‍പ്പിക്കുന്നത് അനീതിയാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.
രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിനെ നയിക്കാനുള്ള ഓജസ്സും ശേഷിയും അഭിരുചിയുമുണ്ടെന്നാണ് ഇപ്പോഴും കരുതുന്നത്. പക്ഷേ, രാഹുലിന് താല്‍പര്യമില്ലെങ്കില്‍ പുതിയ തലവനെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടി നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്താണ് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചത്. എന്നാല്‍ തല്‍സ്ഥാനത്തേക്ക് രാഹുല്‍ തന്നെ തിരിച്ചെത്തണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വലിയ വിഭാഗം ആവശ്യപ്പെടുന്നത്.
പാര്‍ട്ടിയില്‍ മുതിര്‍ന്നവരും യുവ നേതാക്കളും തമ്മിലുള്ള തര്‍ക്കങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ നേതൃത്വമേറ്റെടുക്കേണ്ടത് രാഹുല്‍ ഗാന്ധിയുടെ ഉത്തരവാദിത്തമാണെന്നാണ് പല നേതാക്കളും അഭിപ്രായപ്പെടുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക