ന്യൂദല്‍ഹി: കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന ബി.ജെ.പിയുടെ ആവശ്യം തള്ളി ശശി തരൂര്‍. കോണ്‍ഗ്രസ് എന്ത് കാര്യത്തിനാണ് മാപ്പ് പറയേണ്ടതെന്നായിരുന്നു തരൂരിന്റെ ചോദ്യം.
‘കോണ്‍ഗ്രസ് എന്തിനാണ് മാപ്പ് പറയേണ്ടതെന്ന് കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍ ഇപ്പോഴും. നമ്മുടെ പട്ടാളക്കാരെ കേന്ദ്രം സംരക്ഷിക്കുമെന്ന് കരുതിയതിനോ? അതോ ഒരു ദേശീയ ദുരന്തത്തെ രാഷ്ട്രീയ വത്കരിക്കാതെ ഇന്ത്യയുടെ കൊടിക്കീഴില്‍ അണിനിരന്നതിനാണോ? അതോ രക്തസാക്ഷികളായവരുടെ കുടുംബങ്ങളെ ആശ്വസിപ്പിച്ചതിനോ? എന്തിനാണ് മാപ്പ് പറയേണ്ടത്?,’ തരൂര്‍ ചോദിച്ചു.
I am still trying to figure out what @INCIndia is supposed to apologise for. For expecting the government to keep our soldiers safe? For rallying around the flag rather than politicising a national tragedy? For expressing condolences to the families of our martyrs? #Pulwama https://t.co/oxY2UOFeum
— Shashi Tharoor (@ShashiTharoor) October 31, 2020
പുല്‍വാമ ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന പാകിസ്താന്‍ മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍ രംഗത്തെത്തിയിരുന്നു.
പുല്‍വാമ ഭീകരാക്രമണം മോദി സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തോട് മാപ്പ് പറയണമെന്നായിരുന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.