മുംബൈ: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ തിങ്കളാഴ്ചയും കൂപ്പുകുത്തി. ഓഹരി വിപണിയില്‍ ഇതുവരെ അഞ്ചര ലക്ഷം കോടിയിലേറെ രൂപയുടെ ഇടിവാണ് കമ്പനിക്കുണ്ടായത്. അദാനിയുടെ നാലില്‍ ഒന്ന് സമ്പത്തും ഇതോടെ നഷ്ടമായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫോബ്‌സിന്റെ പട്ടികയില്‍ എട്ടാം സ്ഥാനത്താണിപ്പോള്‍ അദാനി.
ഇതിന് പിന്നാലെ സാഹചര്യം പരിശോധിച്ച് തുടര്‍ നിലപാട് സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പില്‍ വന്‍ നിക്ഷേപമുള്ള എല്‍.ഐ.സി വ്യക്തമാക്കി. രണ്ട് ദിവസത്തെ അവധിക്ക് ശേഷമാണ് ഓഹരി വ്യാപരം തിങ്കളാഴ്ച പുനരാരംഭിച്ചത്. അദാനി ഗ്രൂപ്പിന്റെ പത്തില്‍ ആറ് കമ്പനികളുടെയും ഓഹരി മൂല്യം ആദ്യ മണിക്കൂറുകളില്‍ തന്നെ ഒരു ദിവസത്തെ പരമാവധി നഷ്ടത്തിലേക്ക് പതിച്ചു.
അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി മൂല്യം ആദ്യ മണിക്കൂറുകളില്‍ അല്‍പം മെച്ചപ്പെട്ടുവന്നെങ്കിലും വ്യാപരം അവസാനച്ചപ്പോള്‍ നഷ്ടത്തിലേക്കെത്തി.
കഴിഞ്ഞ ദിവസം ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന് അദാനി ഗ്രൂപ്പ് 413 പേജുള്ള ഒരു മറുപടി നല്‍കിയിരുന്നു. ഇന്ത്യക്കെതിരായ കടന്നാക്രമണം എന്നായിരുന്നു ഇതില്‍ അദാനി ഗ്രൂപ്പ് ഉന്നയിച്ച വിഷയം. എന്നാല്‍ ദേശീയ വാദം ഉയര്‍ത്തി അദാനി ഇന്ത്യയില്‍ നടത്തിയ കൊള്ള മറച്ചുവെക്കാനാവില്ലെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് തിരിച്ചടിച്ചു.