national news
തേജസ്വി യാദവോ ശരത് യാദവോ ബീഹാറില്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി?; നിലപാടറിയിച്ച് ശരത് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 19, 04:23 pm
Wednesday, 19th February 2020, 9:53 pm

പട്‌ന: ബീഹാറിലെ പ്രതിപക്ഷ കക്ഷികളുടെ സഖ്യമായ മഹാസഖ്യത്തില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കം നടക്കുകയാണ്. ആര്‍.ജെ.ഡി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസൊഴികെയുള്ള പാര്‍ട്ടികള്‍ മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ശരത് യാദവിന്റെ പേരാണ് മുന്നോട്ട് വെക്കുന്നത്. കോണ്‍ഗ്രസാവട്ടെ തേജസ്വിയുടെ പേരിനോട് വലിയ താല്‍പര്യം കാണിക്കുന്നില്ലെങ്കിലും ശരത് യാദവിനെ പിന്താങ്ങുന്നില്ല.

ഈ തര്‍ക്കം വാര്‍ത്തകളിലിടം നേടിയതിനെ തുടര്‍ന്ന് ശരത് യാദവ് തന്നെ വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ് തന്നെയാണെന്നാണ് ശരത് യാദവിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഞാന്‍ മഹാസഖ്യത്തിന്റെ മുഖമല്ല. നിലവില്‍ ആര്‍.ജെ.ഡിയാണ് സഖ്യത്തിലെ ഏറ്റവും വലിയ പാര്‍ട്ടി. അതിന്റെ നേതാവായ തേജസ്വിയാണ് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി’, ശരത് യാദവ് പറഞ്ഞു.

ആര്‍.എല്‍.എസ്.പി, ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച, വി.ഐ.പി എന്നീ പാര്‍ട്ടികളാണ് ശരത് യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിലപാടെടുത്തത്. ഈ പാര്‍ട്ടികള്‍ ആര്‍.ജെ.ഡിയെയും കോണ്‍ഗ്രസിനെയും ഒഴിവാക്കി യോഗം ചേര്‍ന്നിരുന്നു.

സംസ്ഥാനത്ത് മൂന്നാം മുന്നണി രൂപീകരിക്കാനുള്ള സാധ്യതയെ ശരത് യാദവ് തള്ളിക്കളഞ്ഞു. വെള്ളിയാഴ്ച ലാലു പ്രസാദ് യാദവിനെ സന്ദര്‍ശിച്ചിരുന്നുവെന്നും ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയ്‌ക്കെതിരെ യോജിച്ച പോരാട്ടമാണ് നടത്തേണ്ടതെന്ന് ലാലു പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.