ന്യൂദല്‍ഹി: സുശാന്ത് സിംഗ് രാജ്പുത്ത് കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര-ബിഹാര്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ നിലപാട് വ്യക്തമാക്കി എന്‍.സി.പി മുതിര്‍ന്ന നേതാവ് ശരദ് പവാര്‍.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ അനുകൂലിച്ചാണ് അദ്ദേഹം പ്രതികരിച്ചത്. കേസില്‍ മുംബൈ പൊലീസിന് ഒരു അവസരം കൂടി നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
അതേസമയം ചെറുമകനായ പാര്‍ഥ് പവാറിനെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു. സുശാന്ത് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ബി..ജെ.പി ആവശ്യത്തെ പിന്താങ്ങി രംഗത്തെത്തിയതിനാണ് പരസ്യ വിമര്‍ശനം.
ഞങ്ങള്‍ ഇത് ഗൗരവതരമായി പരിഗണിച്ചിട്ടില്ല. വളരെ അപക്വമായ നടപടിയായിപ്പോയി ഇത്. എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
അടുത്തിടയായി എന്‍.സി.പി യുടെ നിലപാടിന് വിരുദ്ധമായാണ് പാര്‍ഥ് പ്രവര്‍ത്തിക്കുന്നതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. രാമക്ഷേത്ര വിഷയത്തില്‍ പാര്‍ഥിന്റെ പ്രസ്താവനകള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഹിന്ദു വിശ്വാസത്തിന്റെ പുനസ്ഥാപനമാണ് രാമക്ഷേത്ര നിര്‍മ്മാണത്തിലൂടെ ഉയര്‍ത്തിപ്പിടിക്കുന്നതെന്നായിരുന്നു പാര്‍ഥിന്റെ പ്രസ്താവന.
‘മഹാരാഷ്ട്ര പൊലീസില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. വിശദമായ അന്വേഷണം നടത്തിയ ശേഷം സി.ബി.ഐയുടെയോ മറ്റ് ഏജന്‍സികളുടെയോ അന്വേഷണം ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ ഞാന്‍ അതിനെ എതിര്‍ക്കില്ല’- ശരദ് പവാര്‍ പറഞ്ഞു
50 വര്‍ഷമായി എനിക്ക് മഹാരാഷ്ട്ര പൊലീസിനെയും മുംബൈ പൊലീസിനെയും അറിയാം. അവയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും മറ്റ് ആരോപണങ്ങളിലേക്ക് കടക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സുശാന്ത് കേസിലേക്ക് എന്ത് അര്‍ഥത്തിലാണ് ആദിത്യ താക്കറെയുടെ പേര് വലിച്ചിഴയ്ക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും പവാര്‍ പറഞ്ഞു. കേസില്‍ ആദിത്യയുടെ പേരില്‍ നടക്കുന്ന ഊഹാപോഹങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ കേസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് മഹാരാഷ്ട്രയിലെ ഭരണകക്ഷി കൂടിയായ ശിവസേന ആരോപിച്ചു.