ഓണത്തിന് പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന കിങ് ഓഫ് കൊത്തയുടെ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ്. ഇപ്പോള്‍ ഇതാ ചിത്രത്തിനെക്കുറിച്ചും ദുല്‍ഖറിനെക്കുറിച്ചും കിങ് ഓഫ് കൊത്തയില്‍ മാലതി എന്ന കഥാപാത്രമായെത്തുന്ന ശാന്തികൃഷ്ണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
‘രണ്ടാം തലമുറയിലെ ആള്‍ക്കാരുമായാണ് ഞാന്‍ വര്‍ക്ക് ചെയ്യുന്നത്. ജോഷി സാറിന്റെ കൂടെയും മമ്മൂക്കയുടെ കൂടെയും കൗരവര്‍ എന്ന പടം ചെയ്തിട്ടുണ്ട്. അന്ന് തിലകന്‍ ചേട്ടന്‍ ഉണ്ടായിരുന്നു ആ ചിത്രത്തില്‍. ഇന്ന് ഇപ്പോള്‍ കിങ് ഓഫ് കൊത്തയില്‍ ഷമ്മി തിലകന്‍, അഭിലാഷ് ജോഷി, ദുല്‍ഖര്‍ സല്‍മാന്‍ ഇവരോടൊപ്പം അഭിനയിക്കുന്നു.
മമ്മൂക്കയുടെയും തിലകന്റെയും ജോഷി സാറിന്റെയും നെക്സ്റ്റ് ജനറേഷനൊപ്പം ഒരു പടം ചെയ്യാന്‍ സാധിച്ചതില്‍ അഭിനേത്രി എന്ന നിലയില്‍ എനിക്ക് ഒത്തിരി സന്തോഷം നല്‍കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ എല്ലാവരുടെയും സ്വീറ്റ്‌ഹേര്‍ട്ട് ആണ്, എന്റെയും കൂടിയാണ്, കൊത്ത മുഴുനീള ദുല്‍ഖര്‍ ചിത്രമാണ്.
ദുല്‍ഖറിന്റെ പടത്തില്‍ ഞാന്‍ ഒരു ചെറിയ വേഷം ചെയ്യുന്നു അതില്‍ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്. പ്രിയപ്പെട്ട ദുല്‍ഖറിനോടൊപ്പം ആദ്യത്തെ ഒരു പടം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്, അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്ത ഏറെ പ്രതീക്ഷയുള്ള ചിത്രവുമാണ്,’ ശാന്തി കൃഷ്ണ പറഞ്ഞു.
സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു.