Entertainment
ചിക്കന്‍ കറിക്ക് പകരം മുട്ടക്കറി വന്നാല്‍ സിനിമ നില്‍ക്കാന്‍ പോകുകയാണെന്ന് അര്‍ത്ഥം: ഷാജു ശ്രീധര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 11, 01:18 pm
Tuesday, 11th March 2025, 6:48 pm

നടന്മാരുടെ ശബ്ദം അനുകരിച്ച് മിമിക്രിയിലൂടെ സിനിമാ ജീവിതം ആരംഭിച്ച നടനാണ് ഷാജു ശ്രീധര്‍. മിമിക്സ് ആക്ഷന്‍ 500 എന്ന ചിത്രത്തിലൂടെയായിരുന്നു നടന്‍ സിനിമയിലേക്ക് എത്തുന്നത്. മോഹന്‍ലാലിന്റെ ശബ്ദം അനുകരിച്ച് കൊണ്ടായിരുന്നു ഷാജു കൂടുതല്‍ ശ്രദ്ധേയനായത്.

സിനിമ സെറ്റിലെ ഭക്ഷണ രീതിയെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ഷാജു ശ്രീധര്‍. സിനിമയുടെ സെറ്റില്‍ ആദ്യമെല്ലാം രാത്രി ഭക്ഷണമായി കിട്ടുന്നത് ചപ്പാത്തിയും ചിക്കന്‍ കറിയും കഞ്ഞിയും ചെറുപയറുമാണെന്നും എന്നാല്‍ ഇപ്പോള്‍ ഇഷ്ടമുള്ള മെനു പറഞ്ഞാല്‍ ആ ആഹാരം തരുമെന്നും ഷാജു ശ്രീധര്‍ പറയുന്നു.

എന്നാല്‍ ചിക്കന്‍ കറിക്ക് പകരം ഒരു ദിവസം മുട്ടക്കറി തന്നാല്‍ ആ സിനിമയുടെ നിര്‍മാതാവിന്റെ കയ്യില്‍ പണമില്ലെന്നാണ് അര്‍ത്ഥമെന്നും സിനിമ നില്‍ക്കാന്‍ പോകുമെന്ന് മനസിലാകുമെന്നും ഷാജു പറഞ്ഞു.

‘സിനിമയുടെ ലൊക്കേഷനില്‍ രാത്രി ഭക്ഷണം എന്ന് പറയുന്നത് ചപ്പാത്തിയും ചിക്കന്‍ കറിയും ചെറുപയറും കഞ്ഞിയുമാണ്. ആദ്യ കാലത്തെല്ലാം ഇങ്ങനെ ആയിരുന്നു. ഇപ്പോള്‍ ചപ്പാത്തിയോടൊപ്പം ചിക്കന്‍ ഫ്രൈയും സലാഡ്സും എല്ലാം കൊടുക്കുന്നുണ്ട്. ഇഷ്ടമുള്ള മെനു ചോദിച്ചാല്‍ അതും കൊടുക്കാറുണ്ട്.

പക്ഷെ അന്ന് സ്ഥിരമായി സിനിമയില്‍ ഉള്ളത് ചപ്പാത്തിയും ചിക്കനുമാണ്. എന്നാല്‍ ഒരു ദിവസം ചപ്പാത്തി മാറി മുട്ടക്കറി വന്നാല്‍ സിനിമ നില്‍ക്കാന്‍ പോകുകയാണെന്നാണ് അര്‍ത്ഥം. ‘എടാ മുട്ടക്കറി വന്നെടാ’ എന്ന് ഞങ്ങള്‍ അത്ഭുതത്തോടെ പറയും.

മുട്ടക്കറി വന്നാല്‍ പ്രൊഡ്യൂസറിന്റെ കയ്യില്‍ പണം തീര്‍ന്ന തുടങ്ങിയെന്ന് മനസിലാകും. പടം നീക്കാനുള്ള പരിപാടികളിലേക്കാണ് പോകുന്നതെന്ന് മനസിലാകും,’ ഷാജു ശ്രീധര്‍ പറയുന്നു.

Content highlight: Shaju Sreedhar says If you get egg curry instead of chicken curry, it means the movie is going to be canceled