Entertainment
ഉള്ളിലുള്ള മമ്മൂട്ടി ഫാന്‍ പുറത്തുവന്നതുകൊണ്ടാണ് വൈശാഖ് ആ ഷോട്ട് അങ്ങനെ എടുത്തത്: ടര്‍ബോ ആര്‍ട്ട് ഡയറക്ടര്‍ ഷാജി നടുവില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 30, 02:35 pm
Thursday, 30th May 2024, 8:05 pm

തകര്‍ത്തുപെയ്യുന്ന മഴയിലും തിയേറ്ററുകളില്‍ ഇടിയുടെ പെരുന്നാള്‍ തീര്‍ക്കുകയാണ് മമ്മൂട്ടി ചിത്രം ടര്‍ബോ. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും ചെയ്‌സിങ് രംഗങ്ങളും കൊണ്ട് മികച്ച തിയേറ്റര്‍ അനുഭവമായി ടര്‍ബോ മാറി. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ആര്‍ട്ട് ഡയറക്ടറായ ഷാജി നടുവില്‍.

ചിത്രത്തില്‍ മമ്മൂട്ടിയുടെ ടൈറ്റിലായ മെഗാ സ്റ്റാര്‍ എന്നത് ഉപയോഗിക്കരുതെന്ന് മമ്മൂട്ടി പറഞ്ഞിരുന്നെന്നും വൈശാഖ് വലിയൊരു മമ്മൂട്ടി ഫാന്‍ ആയതുകൊണ്ട് പള്ളിപ്പെരുന്നാള്‍ ഫൈറ്റിന് മെഗാ സ്റ്റാര്‍ ഷോ എന്ന് വെച്ചതെന്നും ഷാജി പറഞ്ഞു. ടര്‍ബോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ആറ് ദിവസം കൊണ്ടാണ് പള്ളിപ്പെരുന്നാളിനുള്ള സെറ്റ് ഇട്ടതെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

‘മെഗാസ്റ്റാര്‍ എന്ന ടൈറ്റില്‍ സിനിമയിലിടുന്നത് മമ്മൂക്കക്ക് ഇഷ്ടമല്ല. അതുകൊണ്ട് പേരെഴുതി കാണിക്കുമ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റിയില്ല. പള്ളിപ്പെരുന്നാള്‍ ഫൈറ്റിലെ മെഗാ സ്റ്റാര്‍ ഷോ എന്ന് കാണിക്കുന്ന ഷോട്ട് വൈശാഖിന്റെ വിഷനാണ്. വൈശാഖിന്റെ ഉള്ളിലെ മമ്മൂട്ടി ഫാന്‍ ഇഷ്ടനടന് വേണ്ടി ചെയ്ത ട്രിബ്യൂട്ടാണ് ആ ഷോട്ട്. തിയേറ്ററില്‍ നല്ല റെസ്‌പോണ്‍സാണ് അതിന് കിട്ടിയത്. ആറ് ദിവസം കൊണ്ടാണ് പള്ളിപ്പെരുന്നാളിനുള്ള സെറ്റ് ഇട്ടത്,’ ഷാജി പറഞ്ഞു.

മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടര്‍ബോ. വന്‍ ബജറ്റില്‍ നിര്‍മിച്ച ചിത്രം അഞ്ച് ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ കയറി. കന്നഡ താരം രാജ് ബി. ഷെട്ടിയാണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. തെലുങ്ക് താരം സുനില്‍, അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കര്‍, ശബരീഷ് വര്‍മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Content Highlight: Shaji Naduvil about the particular shot in Turbo movie