മലയാളത്തിന് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. ന്യൂസ് എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച ഷാജി കൈലാസ് ഡോക്ടര്‍ പശുപതി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. പിന്നീട് തലസ്ഥാനം, ദി കിങ്, കമ്മീഷണര്‍, ആറാം തമ്പുരാന്‍, നരസിംഹം, വല്ല്യേട്ടന്‍ തുടങ്ങിയ എവര്‍ഗ്രീന്‍ ഹിറ്റുകള്‍ മലയാള സിനിമക്ക് സമ്മാനിച്ചു.
തനിക്കിഷ്ടപ്പെട്ട ബി.ജി.എമ്മിനെ കുറിച്ച് സംസാരിക്കുകയാണ് ഷാജി കൈലാസ്. മോഹന്‍ലാല്‍ നായകനായ നരസിംഹം എന്ന ചിത്രത്തിലെ ബാക്ഗ്രൗണ്ട് മ്യൂസിക്കാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് ഷാജി കൈലാസ് പറയുന്നു. ഏകലവ്യന്‍ എന്ന സിനിമയിലെ നന്ദ കിഷോരാ ഹരേ എന്ന ഗാനത്തില്‍ നിന്നാണ് നരസിംഹത്തിലെ ബി.ജി.എം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സണ്‍ ടി.വിയുടെ വാര്‍ത്ത തുടങ്ങുന്നതിന് മുമ്പുള്ള മ്യൂസിക്കില്‍ നിന്നാണ് കമ്മീഷണര്‍ എന്ന സിനിമയുടെ ബി.ജി.എം ഉണ്ടാകുന്നതെന്നും ഷാജി കൈലാസ് പറഞ്ഞു. ക്ലബ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്കിഷ്ടപ്പെട്ട ബി.ജി.എം നരസിംഹത്തിലേതാണ്. വല്ല്യേട്ടനിലെ ബി.ജി.എമ്മിനെക്കാളും ഒരു പൊടിക്ക് ഇഷ്ടക്കൂടുതല്‍ നരസിംഹത്തിലെ ബാക്ഗ്രൗണ്ടിനോട് തന്നെയാണ്. ഏകലവ്യന്‍ എന്ന സിനിമയില്‍ ചിത്ര പാടുന്ന ഒരു പാട്ടുണ്ട്. നന്ദ കിഷോരാ ഹരേ എന്ന ഒരു ഭക്തി ഗാനം. അതിന്റെ ഇടക്ക് രണ്ട് ബി.ജി.എം ഉണ്ട്. അതില്‍ ഒരു ബി.ജി.എം എടുത്തിട്ടാണ് നരസിംഹത്തിലെ ബി.ജി.എം ആക്കിയത്.
കമ്മീഷ്ണറുടെ ബി.ജി.എം കണ്ടുപിടിക്കുന്നതിലും ഇതുപോലെ ഒരു കഥയുണ്ട്. ആ സമയത്ത് ഞങ്ങള്‍ മദ്രാസില്‍ ആയിരുന്നല്ലോ. രാത്രി ഏഴര മണിക്ക് എഡിറ്റിങ് കഴിഞ്ഞ് തിരിച്ച് വുഡ് ലാന്‍ഡ്സ് ഹോട്ടലിലേക്ക് തിരിച്ച് പോകുമ്പോള്‍ ചെന്നൈ നഗരത്തില്‍ ഒരു മ്യൂസിക്കേ ഉള്ളു. അതാണ് സണ്‍ ടി.വിയുടെ ന്യൂസ് തുടങ്ങുന്നതിന് മുന്‍പുള്ള മ്യൂസിക്ക്.
ആ മ്യൂസിക്ക് ഞാന്‍ റെക്കോര്‍ഡ് ചെയ്ത് സംഗീത സംവിധായകന്റെ അടുത്ത് കൊണ്ടുപോയിട്ട്, മോനെ ഇത് കുറച്ചുകൂടെ പൊലിപ്പിച്ച് ഒരു ബി.ജി.എം ആക്കി തരണമെന്ന് പറഞ്ഞു. അങ്ങനെ അയാള്‍ ആ സീക്വന്‍സ് അദ്ദേഹത്തിന്റേതായ രീതിയില്‍ മാറ്റി ചെയ്തപ്പോള്‍ ഉണ്ടായതാണ് കമ്മീഷണറിലെ ബി.ജി.എം,’ ഷാജി കൈലാസ് പറയുന്നു.
Content Highlight: Shaji Kailas Talks About B.G.M Of Narasimham Movie