Entertainment
തളർന്നുപോയപ്പോൾ ആ മോഹൻലാൽ ചിത്രമാണ് എല്ലാവർക്കും കൈത്താങ്ങായത്: ഷാജി കൈലാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 25, 09:25 am
Saturday, 25th January 2025, 2:55 pm

മലയാളത്തിന് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. ന്യൂസ് എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച ഷാജി കൈലാസ് ഡോക്ടര്‍ പശുപതി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. പിന്നീട് തലസ്ഥാനം, ദി കിങ്, കമ്മീഷണര്‍, ആറാം തമ്പുരാന്‍, നരസിംഹം, വല്ല്യേട്ടന്‍ തുടങ്ങിയ എവര്‍ഗ്രീന്‍ ഹിറ്റുകള്‍ മലയാള സിനിമക്ക് സമ്മാനിച്ചു. ഇടക്ക് തുടര്‍പരാജയങ്ങള്‍ നേരിട്ട ഷാജി കൈലാസ് ചെറിയൊരു ഇടവേള എടുക്കുകയും കടുവ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയും ചെയ്തു.

എന്നാൽ തിരിച്ചുവരവിൽ മോഹൻലാലുമായി ഒന്നിച്ച് ചെയ്ത എലോൺ എന്ന ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായി മാറിയിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ കഥ പറഞ്ഞ സിനിമയിൽ മോഹൻലാൽ മാത്രമായിരുന്നു അഭിനയിച്ചത്.

കൊവിഡ് കാലത്ത് എല്ലാവരും വീട്ടിൽ ഇരുന്നപ്പോൾ മോഹൻലാൽ തന്നൊരു സിനിമയാണ് അതെന്നും സാമ്പത്തികമായി എല്ലാവരും തളർന്നിരുന്ന സമയത്ത് എല്ലാവർക്കും കൈത്താങ്ങായി മാറിയ സിനിമയാണ് എലോണെന്നും ഷാജി കൈലാസ് പറയുന്നു. രൺജി പണിക്കരുമായി ഇനിയും സിനിമകൾ ഉണ്ടാവാമെന്ന് പറഞ്ഞ അദ്ദേഹം ഒരിക്കൽ മുടങ്ങിപ്പോയ ഒരു മൾട്ടിസ്റ്റാർ ചിത്രത്തെ കുറിച്ചും കൂട്ടിച്ചേർത്തു.

‘എന്റെ ഫ്ലോപ്പുകൾ കൊണ്ടുതന്നെയാണ് മലയാള സിനിമയിൽ നിന്ന് മാറി നിന്നത്. ഒമ്പത് വർഷത്തിനിടയിൽ രണ്ട് തമിഴ് സിനിമകൾ സംവിധാനം ചെയ്തു‌. സിനിമയുടെ ലോകത്ത് നിന്ന് മുഴുവനായി മാറിനിന്നു എന്നു പറയാനാകില്ല. ഒമ്പത് വർഷം പോയത് പോലും ഞാനറിഞ്ഞില്ലായിരുന്നു.

‘കഥയാണ് പ്രശ്നമെങ്കിൽ ഞങ്ങൾ നിനക്കൊരു സിനിമ തരാം’ എന്നു പറഞ്ഞ് രൺജി പണിക്കരും രഞ്ജിത്തും സിനിമ എഴുതാൻ തുടങ്ങിയിരുന്നു. ആന്റണി പെരുമ്പാവൂർ അത് നിർമിക്കാൻ തയാറായി. രണ്ട് സൂപ്പർ സ്റ്റാറുകൾ അഭിനയിക്കുന്ന സിനിമയായിരുന്നു അത്. എഴുത്തിനിടയിൽ രൺജി വിളിക്കും. ഫോണിലൂടെ ഡയലോഗുകൾ പറഞ്ഞ് ആവേശം കൊള്ളും.

അത്ര എനർജിയോടെയാണ് കാര്യങ്ങൾ മുന്നോട്ടു പോയത്. ചില കാരണങ്ങളാൽ ആ സിനിമ ഉപേക്ഷിക്കേണ്ടി വന്നു. ആ സിനിമ സംഭവിച്ചിരുന്നെങ്കിൽ കാര്യങ്ങൾ മറ്റൊരു രീതിയിലായേനെ. രൺജിയുമായുള്ള കണ്ടുമുട്ടൽ എന്നെങ്കിലും ഇനിയും ഉണ്ടായേക്കാം. ഞാൻ ദൈവവിശ്വാസിയാണ്. എല്ലാം ദൈവത്തിനു വിട്ടു കൊടുത്തു. കർമം ചെയ്യുക മാത്രമാണ്. അമിതമായ ആഗ്രഹങ്ങളൊന്നുമില്ല. ദൈവത്തിൻ്റെ അനുഗ്രഹങ്ങളാണ് എല്ലാം എന്ന് ഞാൻ വിശ്വസിക്കുന്നു.

എലോൺ‘ തന്നെ അങ്ങനെയുണ്ടായ സിനിമയാണ്. കൊവിഡ് കാലത്ത് എല്ലാവരും വീട്ടിലിരുന്നപ്പോൾ ലാൽ സർ തന്ന സിനിമ. വെറും 20 ദിവസം കൊണ്ടാണതുണ്ടായത്. കൊവിഡ് കാരണം സാമ്പത്തികമായി എല്ലാവരും തളർന്നു പോയപ്പോൾ ആ സിനിമ ഒരുപാടുപേർക്ക് കൈത്താങ്ങായി,’ഷാജി കൈലാസ് പറയുന്നു.

 

Content Highlight: Shaji kailas About Mohanalal’s Alone Movie