India
മണിപ്പൂരിനെ കുറിച്ചൊന്നും പറയാനില്ല, ഇപ്പോഴും 75ലെ അടിയന്തിരാവസ്ഥയെ കുറിച്ച് പറഞ്ഞിരിക്കയാണ്; രാഷ്ട്രപതിക്കെതിരെ ശശി തരൂർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 27, 10:23 am
Thursday, 27th June 2024, 3:53 pm

ന്യൂദൽഹി: പാർലമെന്റ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് രാഷ്‌ട്രപതി ദ്രൗപതി മുർമു നടത്തിയ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. പ്രസംഗത്തിൽ രാഷ്‌ട്രപതി അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിച്ചിരുന്നു.

എന്നാൽ 49 വർഷം മുമ്പ് നടന്ന അടിയന്തിരാവസ്ഥയെ കുറിച്ച് പറയുന്നതിൽ ഒരു ലോജിക്കുമില്ലെന്നും ഇപ്പോഴത്തെ കാര്യങ്ങളെ കുറിച്ചാണ് ഇപ്പോൾ സംസാരിക്കേണ്ടത് എന്നായിരുന്നു ശശി തരൂരിന്റെ വിമർശനം.

1975-ല്‍ നടപ്പാക്കിയ അടിയന്തരാവസ്ഥ ഭരണഘടനയ്ക്കെതിരായ നേരിട്ടുള്ള ആക്രമണത്തിന്റെ ഏറ്റവും ഇരുണ്ട അധ്യായമായിരുന്നുവെന്നായിരുന്നു ദ്രൗപദി മുര്‍മു പറഞ്ഞത്.

ഭരണഘടനക്കെതിരെ മോദി സർക്കാർ ആക്രമണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പാർലമെന്റിനകത്തും പുറത്തും ഭരണഘടന ഉയർത്തി പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടയിലാണ് രാഷ്രപതി ഭരണഘടനയെയും അടിയന്തിരാവസ്ഥയെയും കുറിച്ച് സൂചിപ്പിക്കുന്നത്.

രാഷ്‌ട്രപതി പറഞ്ഞ കാര്യങ്ങൾക്ക് ഈ സമയത്ത് പ്രസക്തിയില്ലെന്നായിരുന്നു ശശി തരൂർ പറഞ്ഞത്. സംസാരിക്കാൻ മറ്റു വിഷയങ്ങൾ ധരാളമുണ്ട്. ഇന്നത്തെ വിഷയങ്ങളെ കുറിച്ചാണ് സംസാരിക്കേണ്ടത്. തൊഴിലില്ലായ്മയെ കുറിച്ച് രാഷ്‌ട്രപതി ഒന്നും പറഞ്ഞിട്ടില്ല.

അത് കൂടാതെ വലിയ പ്രശ്ങ്ങളിലൊന്നായ മണിപ്പൂരിനെ കുറിച്ചും ഒരക്ഷരം പോലും പറയാൻ അവർ തയ്യാറായിട്ടില്ലെന്നും തരൂർ കൂട്ടിച്ചേർത്തു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിപ്രശ്നങ്ങളെ കുറിച്ച് ഒരു വാക്ക് പോലും രാഷ്‌ട്രപതി പറഞ്ഞിട്ടില്ലെന്നും ശശി തരൂർ പറഞ്ഞു.

Also Read: താടി റോഷൻ എന്ന് വിളിക്കുന്നവർ ആ ചിത്രം കാണണം, അതിൽ എന്റെ മുഖം കോഴിമുട്ട പോലെയാണ്: റോഷൻ മാത്യു

Content Highlight: Sahsi tharoor with severe criticism