മമ്മൂട്ടിക്ക് തന്റെ ജ്യേഷ്ഠപിതാവിന്റെ സ്ഥാനമാണെന്നും താന്‍ അദ്ദേഹത്തെ മൂത്താപ്പ എന്നാണ് വിളിക്കാറുള്ളതെന്നും പറയുകയാണ് സിദ്ദിഖിന്റെ മകനും നടനുമായ ഷഹീന്‍ സിദ്ദിഖ്. തനിക്ക് അത്രയും ഇഷ്ടവും സ്വാതന്ത്ര്യവുമുള്ള വ്യക്തിയാണ് മമ്മൂട്ടിയെന്നും ഷഹീന്‍ പറഞ്ഞു.
എന്നാല്‍ ഷൂട്ടിന്റെ സമയത്ത് അദ്ദേഹം പ്രൊഫഷണലാകുമെന്നും അതുകൊണ്ടാണ് അദ്ദേഹം സൂപ്പര്‍ സ്റ്റാറായതെന്നും ഷഹീന്‍ പറഞ്ഞു.
കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ഷഹീന്‍ ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ അദ്ദേഹത്തെ മൂത്താപ്പ എന്നാണ് വിളിക്കാറുള്ളത്. എനിക്ക് അത്രയും ഇഷ്ടവും സ്വാതന്ത്യവും ഉള്ള ആളാണ്. സെറ്റിലേക്ക് മൂത്താപ്പ ഷൂട്ടിന് വേണ്ടി വരുന്ന സമയത്ത് അദ്ദേഹം കാറില്‍ നിന്നും ഇറങ്ങി കാരവനിലേക്ക് പോകുന്ന സമയം, ആ സമയത്താണ് നമ്മളോട് കൂടുതല്‍ അടുപ്പവും വാത്സല്യവും കാണിക്കുന്നത്.
നീയെപ്പോള്‍ വന്നു, വാ.. കാരവനിലേക്ക് വാ എന്ന് പറഞ്ഞ് അദ്ദേഹം വിളിക്കും. മൂത്താപ്പ മേക്ക് അപ് ചെയ്യുന്ന സമയത്ത് ഞാന്‍ കുറച്ചുനേരം കൂടെ കാരവനില്‍ ഇരിക്കും. അദ്ദേഹം റെഡിയാവുന്ന സമയത്ത് ഞാന്‍ അവിടെ നിന്നും ഇറങ്ങും കാരണം നമുക്ക് ഡയലോഗ് പഠിക്കണം, നമുക്ക് നമ്മുടെ ജോലിയുണ്ടല്ലോ.
സീനില്‍ വരുമ്പോള്‍ ഹീ ഈസ് എ പ്രൊഫഷണല്‍. കാരണം അദ്ദേഹത്തിന് ആ ക്യാരക്ടര്‍ ആയേ മതിയാകൂ. ഒരേ സമയം അദ്ദേഹത്തിന് മൂത്താപ്പ എന്ന വാത്സല്യം തന്നിട്ട് സീനില്‍ എന്നെ ദേഷ്യത്തോടെ നോക്കാന്‍ സാധിക്കില്ല.
അതാണ് അദ്ദേഹത്തിന്റെ ജോലി. അതുകൊണ്ടാണ് അദ്ദേഹം സൂപ്പര്‍ സ്റ്റാറായി മാറിയത്. സ്‌ക്രീനില്‍ വരുമ്പോള്‍ അദ്ദേഹം കോ ആര്‍ട്ടിസ്റ്റ് മാത്രമാകും. ആ ഒരു എനര്‍ജിയും ആ ഒരു ഫ്രീഡവും ആ ഒരു കണ്‍സിഡറേഷനും നമുക്ക് തരാറുണ്ട്,’ ഷഹീന്‍ പറഞ്ഞു.
ക്രിസ്റ്റഫറിലാണ് മമ്മൂട്ടിയും ഷഹീനും അവസാനമായി ഒന്നിച്ചെത്തിയത്. ചിത്രത്തില്‍ സെബാസ്റ്റ്യന്‍ എന്ന കഥാപാത്രത്തെയാണ് ഷഹീന്‍ അവതരിപ്പിച്ചത്. തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും ഒ.ടി.ടിയില്‍ റിലീസ് ചെയ്തതിന് പിന്നാലെ കൂടുതല്‍ മികച്ച പ്രതികരണങ്ങള്‍ ചിത്രത്തിന് ലഭിക്കുന്നുണ്ട്.
Content Highlight: Shaheen Sidhique about Mammootty