പാകിസ്ഥാന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യം; നാണക്കേടുമായി പാക് താരം
Cricket
പാകിസ്ഥാന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യം; നാണക്കേടുമായി പാക് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 20th January 2024, 12:32 pm

പാകിസ്ഥാന്‍-ന്യൂസിലാന്‍ഡ് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തിലും പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു.  ഏഴ് വിക്കറ്റുകള്‍ക്കായിരുന്നു കിവീസ് പാകിസ്ഥാനെ പരാജയപ്പെടുത്തിയത്.

പരമ്പരയിലെ നാല് മത്സരങ്ങളിലും പാകിസ്ഥാന്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഈ തോല്‍വിക്ക് പിന്നാലെ ഒരു മോശം റെക്കോഡാണ് പാകിസ്ഥാന്‍ നായകന്‍ ഷഹീന്‍ അഫ്രീദിയെ തേടിയെത്തിയത്.

ക്യാപ്റ്റന്‍സി ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ നാലു മത്സരങ്ങളും തുടര്‍ച്ചയായി പരാജയപ്പെടുന്ന ആദ്യ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ എന്ന മോശം റെക്കോഡാണ് ഷഹീന്‍ അഫ്രീദി സ്വന്തമാക്കിയത്.

കഴിഞ്ഞ ഐ.സി.സി ഏകദിന ലോകകപ്പിന് ശേഷം ബാബര്‍ അസം പാക് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഷഹീന്‍ അഫ്രീദിയെ പാകിസ്ഥാന്‍ ടി-20 ക്യാപ്റ്റനായി നിയമിക്കുന്നത്. എന്നാല്‍ ഷഹീന്‍ ക്യാപ്റ്റനായുള്ള ആദ്യ നാലു മത്സരങ്ങളും പരാജയപ്പെടുകയായിരുന്നു.

ഹാഗ്ലി ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്.

പാകിസ്ഥാന്റെ ബാറ്റിങ് നിരയില്‍ മുഹമ്മദ് റിസ്വാന്‍ 63 പന്തില്‍ 90 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ആറ് ഫോറുകളുടെയും രണ്ട് സിക്സിന്റെയും അകമ്പടിയോടുകൂടിയായിരുന്നു തകര്‍പ്പന്‍ പ്രകടനം.

കിവീസ് ബൗളിങ് നിരയില്‍ മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ഡാറില്‍ മിച്ചല്‍ 72 റണ്‍സും ഗ്ലെന്‍ ഫിലിപ്സ് 70 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ കിവീസ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

ജനുവരി 21നാണ് പരമ്പരയിലെ അവസാന മത്സരം. ഹാഗ്ലി ഓവല്‍ ആണ് വേദി.

Content Highlight: Shaheen Afridi create a unwanted record.