പട്ടാമ്പിയില്‍ അല്ല പാലക്കാട് തന്നെ മത്സരിക്കും; പട്ടാമ്പിയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങളില്‍ ഷാഫി പറമ്പില്‍
Kerala News
പട്ടാമ്പിയില്‍ അല്ല പാലക്കാട് തന്നെ മത്സരിക്കും; പട്ടാമ്പിയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങളില്‍ ഷാഫി പറമ്പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th March 2021, 10:56 am

തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. പട്ടാമ്പി മണ്ഡലത്തില്‍ ഇത്തവണ തന്നെ പരിഗണിക്കുമെന്ന മാധ്യമവാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘മണ്ഡലം മാറുന്നില്ല. ഇതുസംബന്ധിച്ച് പുറത്തുവരുന്ന അഭ്യൂഹങ്ങള്‍ തെറ്റാണ്. അത്തരമൊരു ചര്‍ച്ച ദല്‍ഹിയില്‍ നടന്നിട്ടില്ല,’ ഷാഫി പറമ്പില്‍ പറഞ്ഞു.

പട്ടാമ്പിയിലേക്ക് മാറാനായിരുന്നെങ്കില്‍ നേരത്തെ ആവാമായിരുന്നുവെന്നും അതിന് ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടുകാര്‍ തന്നെ വേണ്ടെന്ന് പറയാത്തിടത്തോളം കാലം ഈ മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.വി ഗോപിനാഥും പറഞ്ഞിരുന്നു.

‘നിയമസഭാ സീറ്റ് വേണ്ട. തന്നെ സ്ഥാനാര്‍ത്ഥി ആക്കുന്നതിലൂടെ പരിഹരിക്കാവുന്നതല്ല വിഷയം. പാര്‍ട്ടിക്ക് ഗുണകരമായ നേതൃത്വം വരട്ടെ. മത്സരിക്കാന്‍ മനസില്ലെന്ന് പറയുന്ന എന്നില്‍ എന്തിനാണ് സ്ഥാനാര്‍ത്ഥിത്വം അടിച്ചേല്‍പ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്റെ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചപ്പോഴും എന്നോടാലോചിച്ചില്ല,’ എ.വി ഗോപിനാഥ് പറഞ്ഞു.

നേരത്തെ ഷാഫി പറമ്പിലിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് എ.വി ഗോപിനാഥ് വിമര്‍ശനമുയര്‍ത്തി രംഗത്തെത്തിയിരുന്നു.

പാലക്കാട് നിയോജക മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ പേര് ഉയര്‍ന്നു വന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉയര്‍ന്നത്. ഷാഫി പറമ്പിലിനെതിരെ എ. വി ഗോപിനാഥ് മത്സരിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

മത്സരിക്കാനായി ഷാഫി പറമ്പിലിന്റെ പേര് ഉയര്‍ന്നു വന്നതിന് പിന്നാലെ പരസ്യ വിമര്‍ശനവുമായി എ.വി ഗോപിനാഥ് മുന്നോട്ട് വന്നിരുന്നു. ആലത്തൂര്‍ എം.എല്‍.എ ആയിരുന്ന എ.വി ഗോപിനാഥ് ഇപ്പോള്‍ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്ത് അംഗം കൂടിയാണ്.

കഴിഞ്ഞ ദിവസം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച്, അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തിന് വെല്ലുവിളിയുയര്‍ത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: shafi parmabil Response In candidature in palakkad