വര്‍ഗീയ വാദികള്‍ക്ക് വേണ്ടി തിളക്കുന്ന സാമ്പാറായി ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക മാറരുതായിരുന്നു; സിന്ധു സൂര്യകുമാറിനെതിരെ ഷാഫി പറമ്പില്‍
Kerala News
വര്‍ഗീയ വാദികള്‍ക്ക് വേണ്ടി തിളക്കുന്ന സാമ്പാറായി ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക മാറരുതായിരുന്നു; സിന്ധു സൂര്യകുമാറിനെതിരെ ഷാഫി പറമ്പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th October 2022, 7:29 pm

പാലക്കാട്: രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ പങ്കുവെച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിങ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ.

ഭാരത് ജോഡോ യാത്രയില്‍ അസ്വസ്ഥരാകുന്ന ചില വര്‍ഗീയ വാദികള്‍ക്ക് വേണ്ടി തിളക്കുന്ന സാമ്പാറായി ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക മാറരുതായിരുന്നുവെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം.

‘ശ്രീമതി സിന്ധു സൂര്യകുമാര്‍, പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള ഒരു മാധ്യമ പ്രവര്‍ത്തകക്ക് തീവ്രമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കാം, കടുത്ത രാഹുല്‍ വിരോധമാകാം, പരിഹാസവും പുച്ഛവുമൊക്കെയാകാം.

പക്ഷേ, അതിന് കാമ്പുള്ള രാഷ്ട്രീയ കാരണമുണ്ടാകണം.
ഒരു ദിവസം, മഴയാണെങ്കിലും വെയിലാണെങ്കിലും, 25 കിലോമീറ്ററിലധികം കാല്‍നടയായി പിന്നിട്ടും ജനങ്ങളോട് സംവദിച്ചും ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം ഉയര്‍ത്തി പിടിച്ചും മുന്നോട്ട് പോകുന്ന രാഹുല്‍ ഗാന്ധിയുടെ വേഷത്തിലും താടിയിലും പിടിച്ച് പരിഹാസത്തിന്റെ ചായ തിളപ്പിക്കേണ്ടി വരുന്നത് പാപ്പരത്തമാണ്,’ ഷാഫി പറമ്പില്‍ എഴുതി.

അതേസമയം, ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗന്ധിയുടെ താടി വളര്‍ത്തിയ ചിത്രം (ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന ആരോപണവും ഉണ്ട്) കാസ്റ്റ് എവെ എന്ന ഹോളിവുഡ് ചിത്രത്തില്‍ ടോം ഹാങ്ക്സ് അവതരിപ്പിച്ച കഥാപാത്രത്തോട് താരതമ്യപ്പെടുത്തിയാണ് സിന്ധുവിന്റെ പോസ്റ്റ്.

‘ഇപ്പോള്‍ ചായ കാച്ചിയാല്‍ കൊയപ്പമാകുമോ’ എന്നാണ് സിന്ധു ഈ പോസ്റ്റിന് ക്യാപ്ഷനായി നല്‍കിയത്. തന്റെ സഹപ്രവര്‍ത്തകരായ മാധ്യമപ്രവര്‍ത്തകരെ മെന്‍ഷന്‍ ചെയ്താണ് സിന്ധു പോസ്റ്റ് പങ്കുവെച്ചത്.
കഴിഞ്ഞ ദിവസം എ.ഐ.സി.സി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് സിന്ധു സൂര്യകുമാറിന്റെ പോസ്റ്റ്.

എന്നാല്‍ ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഒരാളുടെ രൂപത്തെ ഒക്കെ വളരെ മോശം ആയി ട്രോളുന്നതിനോട് യോജിപ്പില്ല എന്നാണ് സാമൂഹിക പ്രവര്‍ത്തക സിന്‍സി അനില്‍ ഇതിന് കമന്റായി മറുപടി നല്‍കിയത്.

രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കതീതനായ ഒരു നേതാവല്ല രാഹുല്‍ ഗാന്ധി, എന്നാല്‍ രാഹുല്‍ ഗാന്ധിക്കെതിരെ സിന്ധു സൂര്യകുമാര്‍ നടത്തിയത് ശുദ്ധ തോന്ന്യവാസമാണെന്നാണ് ആക്ടിവിസ്റ്റ് ശ്രീജ നെയ്യാറ്റിന്‍കര ഫേസ്ബുക്കില്‍ എഴുതിയത്. രണ്ടായിത്തി അഞ്ഞൂറിലധികം റിയാക്ഷന്‍ കിട്ടിയ ഈ പോസ്റ്റില്‍ 2200ല്‍ കൂടുതല്‍ ആഗ്രി റിയക്ഷനാണ് ലഭിച്ചിട്ടുള്ളത്.