മലപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്നും പഠിക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ പോകുന്നതെന്നും കഴിഞ്ഞയാഴ്ചയായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയപരമായി സമരം ചെയ്യാന്‍ പാടില്ലെന്നും സ്ഥാപനങ്ങള്‍ക്ക് അകത്തോ പരിസരത്തോ പിക്കറ്റിങ്, നിരാഹാരസമരം, എന്നിവ അനുവദിക്കരുതെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.
പൊന്നാനി എം.ഇ.എസ് കോളേജിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചുള്ള ഹര്‍ജിയിലായിരുന്നു വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരായ കോടതി വിധി. എന്നാല്‍ ഉത്തരവ് വന്ന് ഒരാഴ്ചയായെങ്കിലും പൊന്നാനി കോളേജിലെ വിദ്യാര്‍ത്ഥി സമരം തുടരുകയാണ്.
അകാരണമായി പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കുക, ആരോപണ വിധേയരായ അധ്യാപകരെ സസ്പെന്റ് ചെയ്യുക, കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ സമരം ചെയ്യുന്നത്.
ഒക്ടോബര്‍ മൂന്നിന് ആരംഉഭിച്ച നിരാഹാര സമരമാണ് കോളേജില്‍ ഇന്നും തുടരുന്നത്. ആദ്യം സമരം നടത്തിയിടത്തുനിന്നും 100 മീറ്റര്‍ മാറിയാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ സമരവുമായി മുന്നോട്ട് പോകുന്നത്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ സമര്‍പ്പിച്ച യു.യു.സി, വൈസ് ചെയര്‍മാന്‍ നോമിനേഷന്‍ അധികൃതര്‍ തള്ളിയതുമായി ബന്ധപ്പെട്ടാണ് കോളേജില്‍ സമരം ആരംഭിക്കുന്നത്.
നോമിനേഷന്‍ തള്ളിയതിന്റെ കാരണം പ്രിന്‍സിപ്പലിനോടും അധ്യാപകരോടും വിദ്യാര്‍ത്ഥികള്‍ ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയായിരുന്നു. ഉപരോധത്തെത്തുടര്‍ന്ന് പതിനൊന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പുറത്താക്കി. പതിനഞ്ചുപേരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
ഇതേത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിക്കുന്നത്. സമരത്തിന്റെ പശ്ചാത്തലത്തില്‍ കോളേജ് അധികൃതര്‍ കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് പഠനം തടസ്സപ്പെടുത്തും വിധം ധര്‍ണയോ സമരമോ നടത്തുന്ന വിദ്യാര്‍ഥികളെ താല്‍ക്കാലികമായി പുറത്താക്കാന്‍ പ്രിന്‍സിപ്പലിനും മറ്റ് അധികാരികള്‍ക്കും അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടത്.
സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും മാനേജ്‌മെന്റ് വഴങ്ങിയിരുന്നില്ല.