ഹൈദരാബാദ്: ഹൈദരബാദ് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിയെ പരാജയപ്പെടുത്തി അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എ.എസ്.എ) എസ്.എഫ്.ഐ, ഡി.എസ്.യു (ദലിത് സ്റ്റുഡന്റസ് യുണിയന്‍), ടി.എസ്.എഫ് (ട്രൈബല്‍ സ്റ്റുഡന്റസ് ഫെഡറേഷന്‍) സഖ്യത്തിന് ജയം. ഭൂരിഭാഗം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ എല്ലാ സീറ്റുകളിലും ദലിത്- ഇടത്-ആദിവാസി സഖ്യമാണ് മുന്നിട്ട് നില്‍ക്കുന്നത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്.എഫ്.ഐ സഖ്യത്തിന്റെ അഭിഷേക് നന്ദന്‍ 1853 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. എബിവിപി സഖ്യത്തിന്റെ ഫാനി കഷ്ണന്‍ 898 വോട്ടുകള്‍നേടി രണ്ടാമതാണ്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എം ശ്രീചരണ്‍ 1542 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. എ.ബി.വി.പി സഖ്യത്തിന്റെ ലീല കൃഷ്ണന്‍ 979 വോട്ടുമായി രണ്ടാമതാണ്.
ജനറല്‍ സെക്രട്ടറിയായി ഗോപി സ്വാമി 1694വോട്ടുകള്‍ക്ക് ലീഡുചെയ്യുന്നു. ജോയിന്റ് സെക്രട്ടറിയായി റാത്തോഡ് പ്രദീപിന് 1730 കളുടെ ലീഡാണുള്ളത്. സ്പോര്‍ട് സെക്രട്ടറിയായി സോഹേല്‍ അഹമ്മദ് 1481 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. കള്‍ച്ചറല്‍ സെക്രട്ടറിയായി പ്രിയങ്ക 1562 വോട്ടുകള്‍ക്ക് ജയിച്ചിരിക്കുകയാണ്.
എം.എസ്.എഫ്, എസ്.ഐ.ഒ സംഘടനകളുമായുള്ള സഖ്യത്തില്‍ നിന്നും മാറിയാണ് അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ ഇത്തവണ എസ്.എഫ്.ഐ അടക്കമുള്ളവര്‍ക്ക് ഒപ്പം നില്‍ക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംഘടനകള്‍ ഭിന്നിച്ച് മത്സരിച്ചതായിരുന്നു എ.ബി.വി.പി ജയിക്കാന്‍ കാരണം. ഇത്തവണ എം.എസ്.എഫും – ഫ്രട്ടേണിറ്റിയും ഒന്നിച്ച് മത്സരിച്ചെങ്കിലും വിജയിക്കാനായിട്ടില്ല.