Football
പ്രായം തളര്‍ത്താത്ത പോരാട്ടവീര്യം; പഴയ തട്ടകത്തിലും വീര്യം ചോരാതെ റാമോസ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jan 17, 05:55 am
Wednesday, 17th January 2024, 11:25 am

കോപ്പ ഡെല്‍റേ അണ്ടര്‍ 16ല്‍ നടന്ന മത്സരത്തില്‍ സെവിയ്യ എഫ്.സിക്ക് തകര്‍പ്പന്‍ വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സെവിയ്യ ഗെറ്റാഫെയെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ സെവിയ്യക്കായി സ്പാനിഷ് ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസ് മികച്ച പ്രകടനമാണ് നടത്തിയത്.

മത്സരത്തില്‍ ഒരു ഗോള്‍ നേടികൊണ്ടാണ് തന്റെ 37ാം വയസിലും തളരാത്ത പോരാട്ടവീര്യം സ്പാനിഷ് ഡിഫന്‍ഡര്‍ കാഴ്ചവെച്ചത്. ഈ സീസണില്‍ സ്പാനിഷ് ക്ലബ്ബിനൊപ്പം അഞ്ചു ഗോളുകളും ഒരു അസിസ്റ്റുമാണ് റാമോസ് നേടിയത്.

ഗെറ്റാഫെയുടെ ഹോം ഗ്രൗണ്ടായ എസ്റ്റാഡിയോ കോളീസിയും സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-4-2 എന്ന ഫോര്‍മേഷനില്‍ ആണ് ആതിഥേയര്‍ കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 3- 5-2 എന്ന ശൈലിയാണ് സെവിയ്യ പിന്തുടര്‍ന്നത്.

മത്സരത്തിന്റെ എട്ടാം മിനിട്ടില്‍ റാമോസ് ആണ് സെവിയ്യയുടെ ഗോളടിമേളത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ 23ാം മിനിട്ടില്‍ ജെയ്‌മെ മാട്ടയിലൂടെ ഗെറ്റാഫെ ഗോള്‍ തിരിച്ചടിച്ചു ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ സെവിയ്യക്കായി ഐസക് റൊമേറൊ ബെര്‍ണാല്‍ നേടിയ ഇരട്ട ഗോളിലൂടെ സെവിയ്യ വിജയം സ്വന്തമാക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ 48, 55 മിനിട്ടുകളിലായിരുന്നു ബെര്‍ണാലിന്റെ ഗോളുകള്‍ പിറന്നത്.

മറുപടി ഗോളിനായി ആതിഥേയര്‍ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കാണാതെ പോവുകയായിരുന്നു. ഒടുവില്‍ മത്സരം അവസാനിക്കുമ്പോള്‍ 3-1ന്റെ തകര്‍പ്പന്‍ വിജയം സെവിയ്യ സ്വന്തമാക്കുകയായിരുന്നു.

ലാ ലിഗയില്‍ ജനുവരി 22ന് ജിറോണക്കെതിരെയാണ് സെവിയ്യയുടെ അടുത്ത മത്സരം. ജിറോണയുടെ തട്ടകമായ എസ്റ്റാഡി മോണ്ടിലിവി സ്റ്റേഡിയമാണ് വേദി.

Content Highlight: Sevilla fc beat Getafe.