താരങ്ങളും നിര്‍മാതാക്കളും സംവിധായകരും തമ്മിലുള്ള തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ചര്‍ച്ചയായിരിക്കുന്ന സമയമാണ് ഇത്. ഇക്കാര്യങ്ങളെ പറ്റി ഇരുഭാഗത്തുമുള്ളവര്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പരസ്യമായി സംസാരിക്കുകയും സംഘടനകളിലൂടെ പരിഹാരത്തിന് ശ്രമിക്കുന്നതുമെല്ലാം പ്രേക്ഷകരും കാണുന്നുണ്ട്.
ഈ സാഹചര്യത്തില്‍ നിര്‍മാതാവ് സെവന്‍ ആര്‍ട്‌സ് മോഹനന്‍, താന്‍ നിര്‍മിച്ച ചിത്രത്തെ പറ്റി പറയുന്നത് ശ്രദ്ധ നേടുകയാണ്. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും തനിക്ക് ലാഭമായെങ്കിലും വ്യക്തിപരമായി നോക്കുമ്പോള്‍ ചിത്രം നഷ്ടമാണെന്ന് പറയുകയാണ് മോഹനന്‍.
സിനിമയുടെ പിന്നില്‍ ഒരുപാട് കഥകളുണ്ടെന്നും മനസാക്ഷിയില്ലായ്മ സംഭവിച്ചിട്ടുണ്ടെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹനന്‍ പറഞ്ഞു.
‘ഞാന്‍ പ്രൊഡ്യൂസ് ചെയ്ത അന്നയും റസൂലും എനിക്ക് ലാഭമായിരുന്നു. പക്ഷേ എനിക്ക് വ്യക്തിപരമായി നഷ്ടമാണ് ആ സിനിമ. മൂന്ന് കോടി രൂപ ലാഭം കിട്ടിയ സിനിമയാണ് അത്. എന്നാല്‍ എനിക്ക് ആ സിനിമ നഷ്ടമാണ്. അത് എന്റെ കഴിവ് കേടായിരിക്കും.
അന്നയും റസൂലും പോലെ പുതിയ ജനറേഷന്റെ ഒരു റിയലിസ്റ്റിക് സിനിമ എടുത്തതില്‍ സന്തോഷമുണ്ട്. എപ്പോഴും അന്തസോടെ പറയാന്‍ പറ്റുന്ന സിനിമയാണ്. അതിന് രാജീവ് രവിയോട് നന്ദിയുണ്ട്. ആ സിനിമയുടെ പിറകില്‍ ഒരുപാട് കഥകളുണ്ട്. അതൊന്നും ഇപ്പോള്‍ പറയുന്നില്ല. അതെന്താണെന്ന് ചോദിച്ചാല്‍ മനസാക്ഷി ഇല്ലായ്മയുണ്ട്.
സംവിധായകനെ ഞാന്‍ കുറ്റം പറയില്ല. അത് വിതരണം ചെയ്ത, ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്ത ആളുകളുണ്ട്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ആദ്യത്തെ സിനിമയാണ് അത്, ഔട്ട്‌റേറ്റ് വിറ്റ സിനിമയാണ്. 40 ദിവസം കൊണ്ട് ഇത്ര ബജറ്റില്‍ സിനിമ തീര്‍ക്കാമെന്ന് ഞാനും രാജീവ് രവിയും തമ്മില്‍ ധാരണയുണ്ടായിരുന്നു. 40 ദിവസം ഷൂട്ട് ചെയ്യേണ്ട സിനിമ 60 ദിവസം കൊണ്ടാണ് തീര്‍ത്തത്,’ മോഹനന്‍ പറഞ്ഞു.
Content Highlight: seven arts mohanan about annayum rasoolum