മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളിലൊരാളാണ് ലോഹിതദാസ്. കിരീടം, തനിയാവര്‍ത്തനം, ദശരഥം, അമരം എന്നിങ്ങനെ പ്രേക്ഷകമനം പൊള്ളിച്ച സിനിമകള്‍ മലയാളത്തിനു സമ്മാനിച്ച ലോഹിതദാസ് ഓര്‍മയായിട്ട് കഴിഞ്ഞ ജൂണ്‍ 28ന് 13 വര്‍ഷമായി.
ലോഹിതദാസിന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളെ പറ്റി സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ മകന്‍ വിജയ് ശങ്കര്‍. ചില കഥാപാത്രങ്ങള്‍ അദ്ദേഹത്തെ മരണം വരെ വേട്ടയാടിയെന്ന് മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് ശങ്കര്‍ പറഞ്ഞു.
‘അച്ഛന്റെ കഥാപാത്രങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത് ആരെന്ന് ചോദിച്ചാല്‍ കിരീടത്തിലെ സേതുമാധവനും തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷുമാണെന്ന് പറയും.
അതുപോലെ വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായരും, അമരത്തിലെ അച്ചൂട്ടിയും, കമലദളത്തിലെ നന്ദഗോപനും മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ച കഥാപാത്രങ്ങളായിരുന്നു. വല്ലാത്ത നൊമ്പരമാണ് ആ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.
മനുഷ്യര്‍ക്ക് ഒരു പ്രത്യേകതയുണ്ട്, ജീവിതത്തില്‍ ഏറ്റവും പൊട്ടിച്ചിരിപ്പിച്ച ഒരു സന്ദര്‍ഭത്തെക്കുറിച്ച് ചോദിച്ചാല്‍ ചിലപ്പോള്‍ പെട്ടന്ന് ഉത്തരം നല്‍കാന്‍ സാധിക്കില്ല. എന്നാല്‍ മനസുരുകി പൊട്ടിക്കരഞ്ഞ സാഹചര്യം എന്തായിരുന്നുവെന്ന് ചോദിച്ചാല്‍ പെട്ടന്ന് ഉത്തരം പറയാന്‍ സാധിക്കും. സങ്കടങ്ങള്‍ക്ക് സന്തോഷത്തേക്കാള്‍ ആയുസ് കൂടുതലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുപോലെ തന്നെയാണ് ചില കഥാപാത്രങ്ങളും. അവര്‍ ജീവിതകാലം മുഴുവന്‍ നമ്മുടെ കൂടെ തന്നെയുണ്ടാകും. തിയേറ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ അവര്‍ ചിലപ്പോള്‍ നമുക്കൊപ്പം ഇറങ്ങിപ്പോരും.
അച്ഛന്റെ ചില കഥാപാത്രങ്ങള്‍ അച്ഛനെ മരണം വരെ വേട്ടയാടിയിട്ടുണ്ട്. കിരീടവും തനിയാവര്‍ത്തനവുമെല്ലാം, അച്ഛന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചിരുന്നു. സേതുമാധവനോട് ചെയ്തത് വല്ലാത്ത ക്രൂരതയായിരുന്നുവെന്ന് അച്ഛന് തോന്നിയിരുന്നു. അയാളുടെ കുടുംബം തകര്‍ത്തു സ്വപ്നങ്ങള്‍ തകര്‍ത്തു. ഒരു മനുഷ്യനോട് നമുക്കെന്തെല്ലാം ചെയ്യാന്‍ സാധിക്കും അതെല്ലാം ചെയ്തു. ആ കുറ്റബോധത്തിലായിരിക്കാം ചെങ്കോലില്‍ ജയിലില്‍ വച്ച് സ്വപ്നത്തില്‍ കീരിക്കാടന്‍ ജോസ് സേതുമാധവനോട് ” എന്തിന് എന്റെ കുടുംബം തകര്‍ത്തു, എന്റെ മക്കളെ അനാഥരാക്കി” എന്ന് ചോദിക്കുന്ന രംഗം എഴുതിയത്.
തനിയാവര്‍ത്തത്തിലെ ബാലന്‍ മാഷും അതുപോലെയായിരുന്നു. എനിക്കോര്‍മയുണ്ട്, ഒരിക്കല്‍ ഒരു ഓണത്തിന് ഞങ്ങള്‍ എല്ലാവരും ഭക്ഷണമൊക്കെ കഴിച്ച്, അച്ഛനാണെങ്കില്‍ കുറച്ച് പനങ്കള്ള് സംഘടിപ്പിച്ച് അതൊക്കെ കഴിച്ച് നല്ല മൂഡിലിരിക്കുകയായിരുന്നു.
പെട്ടന്ന് തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷെ അച്ഛന് ഓര്‍മ വന്നു. ചിത്രത്തില്‍ ഗോപി പറയുന്ന ഒരു ഡയലോഗുണ്ട്, ”സ്ഥലം വിറ്റതിന്റെ കാശ് വാങ്ങിക്കാന്‍ ബാലേട്ടന്‍ പോയത് കയ്യില്‍ ഒരു വലിയ ബാഗുമായിട്ടാണ്.” പതിനായിരം രൂപ വാങ്ങാനാണ് ബാലന്‍ മാഷ് പോകുന്നത്. പതിനായിരം എന്ന് പറഞ്ഞാല്‍ നൂറിന്റെ ചെറിയ കെട്ടായിരിക്കുമെന്ന് ഗോപിക്ക് അറിയാം. എന്നാല്‍ ബാലന്‍ മാഷിന് അറിയില്ല. അത്രയ്ക്ക് നിഷ്‌കളങ്കനായിരുന്നു ബാലന്‍ മാഷ്. ”ബാലേട്ടന്‍ എത്ര നിഷ്‌കളങ്കനാണ്”, എന്ന് പറഞ്ഞ് അച്ഛന്‍ കരഞ്ഞു. അച്ഛന് അവരോട് വല്ലാത്ത ആത്മബന്ധമുണ്ടായിരുന്നു,’ വിജയ് ശങ്കര്‍ പറഞ്ഞു.
Content Highlight: Sethumadhavan in kireedam and Balanmash in thaniyavarthanam gifted sleepless nights to lihithadas