മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് ബെന്നി പി. നായരമ്പലം. 1993ല്‍ റിലീസായ കൗശലം എന്ന ചിത്രത്തിലൂടെയാണ് ബെന്നി തിരക്കഥാലോകത്തേക്കെത്തിയത്. ചട്ടമ്പിനാട്, ചാന്തുപൊട്ട്, തൊമ്മനും മക്കളും, ഛോട്ടാ മുംബൈ, അണ്ണന്‍ തമ്പി തുടങ്ങി ഹിറ്റ് സിനിമകള്‍ക്ക് ബെന്നി തിരക്കഥയൊരുക്കി. സാറാസ് എന്ന ചിത്രത്തിലൂടെ അഭിനയത്തിലും തന്റെ സാന്നിധ്യമറിയിച്ചു.
ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയില്‍ മമ്മൂട്ടി നായകനായെത്തിയ ചിത്രമായിരുന്നു ചട്ടമ്പിനാട്. 2009ല്‍ പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു. കന്നഡ കലര്‍ന്ന മലയാളം പറയുന്ന മമ്മൂട്ടിയുടെ മല്ലയ്യ എന്ന കഥാപാത്രമായിരുന്നു സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ്. ചിത്രത്തിന്റെ സ്‌ക്രിപ്‌റ്റെഴുത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ബെന്നി പി. നായരമ്പലം.
കഥയെക്കുറിച്ച് യാതൊരു ഐഡിയയുമില്ലാതെയാണ് ചട്ടമ്പിനാടിന്റെ സ്‌ക്രിപ്റ്റ് എഴുതാനിരുന്നതെന്ന് ബെന്നി പി. നായരമ്പലം പറഞ്ഞു. താനും ഷാഫിയും സ്‌ക്രിപ്റ്റ് എഴുതാന്‍ ഇരുന്നപ്പോള്‍ മനസ് ശൂന്യമായിരുന്നെന്നും ആദ്യത്തെ മൂന്ന് ദിവസം സിനിമയുടെ കഥയൊഴികെ പല കാര്യങ്ങളും സംസാരിച്ചിരിക്കുകയാണെന്നും ബെന്നി കൂട്ടിച്ചേര്‍ത്തു.
കന്നഡ കലര്‍ന്ന മലയാളം പറയുന്ന മമ്മൂട്ടിയുടെ കഥാപാത്രം എന്ന ചിന്ത മാത്രമേ ആദ്യം ഉണ്ടായിരുന്നുള്ളൂവെന്നും ബെന്നി പി. നായരമ്പലം പറഞ്ഞു. വിധേയനിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സ്ലാങ് വളരെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് അങ്ങനെ ചിന്തിച്ചതെന്നും അതില്‍ നിന്നാണ് സിനിമയുടെ കഥ പിന്നീട് ഉണ്ടാക്കിയതെന്നും ബെന്നി കൂട്ടിച്ചേര്‍ത്തു. ചിത്രം സൂപ്പര്‍ഹിറ്റായി മാറിയെന്നും ബെന്നി പി. നായരമ്പലം പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ബെന്നി പി. നായരമ്പലം.
‘ചട്ടമ്പിനാടിന്റെ കഥയെഴുതാന്‍ ഇരുന്ന സമയത്ത് മനസ് ശൂന്യമായിരുന്നു. ഞാനും ഷാഫിയും ശൂന്യമായ മൈന്‍ഡിലാണ് ആ പടത്തിന്റെ സ്‌ക്രിപ്റ്റ് എഴുതാന്‍ ഇരുന്നത്. ആദ്യത്തെ നാല് ദിവസം പല കാര്യങ്ങളും സംസാരിച്ചു. അപ്പോഴൊന്നും കഥയെക്കുറിച്ച് ഒരു പോയിന്റ് പോലും കിട്ടിയില്ല. ആകെ ഉണ്ടായിരുന്നത് കന്നഡ കലര്‍ന്ന മലയാളം പറയുന്ന മമ്മൂക്കയുടെ ക്യാരക്ടര്‍ മാത്രമായിരുന്നു.
വിധേയന്‍ എന്ന പടത്തില്‍ മമ്മൂക്കയുടെ സ്ലാങ് അങ്ങനെയുള്ള ഒന്നായിരുന്നു. കേള്‍ക്കാന്‍ തന്നെ നല്ല രസമായിരുന്നു. ആ സ്ലാങ്ങില്‍ കോമഡി വന്നാല്‍ എങ്ങനെയുണ്ടാകും എന്ന ചിന്തയാണ് ചട്ടമ്പിനാടിന് പിന്നില്‍. അങ്ങനെ നാലഞ്ച് ദിവസം ഇരുന്ന് സംസാരിച്ചപ്പോഴാണ് കഥയുടെ ഒരു പ്രധാന പോയിന്റിലേക്ക് ലാന്‍ഡ് ചെയ്തത്. അങ്ങനെ കഥ പൂര്‍ത്തിയാക്കി. പടം സൂപ്പര്‍ഹിറ്റായി,’ ബെന്നി പി. നായരമ്പലം പറഞ്ഞു.
Content Highlight: Benny P Nayarambalam shares the writing process of Chattambinadu movie