2025 ഐ.പി.എല്ലിലെ ഉദ്ഘാടന മത്സരത്തില്‍ മുംബൈക്കെതിരെ വിജയിച്ചു തുടങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ശേഷമുള്ള രണ്ട് മത്സരങ്ങളിലും തോല്‍വിയായിരുന്നു വിധിച്ചത്. രണ്ടാം മത്സരത്തില്‍ ബെംഗളൂരുവിനോട് 50 റണ്‍സിനും മൂന്നാം മത്സരത്തില്‍ രാജസ്ഥാനോട് ആറ് റണ്‍സിനുമാണ് ചെന്നൈ പരാജയപ്പെട്ടത്. മത്സരത്തില്‍ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സൂപ്പര്‍ സ്പിന്നര്‍ ആര്‍. അശ്വിന് സാധിച്ചിരുന്നില്ല.
ഈ സീസണിലെ പവര്‍പ്ലെയില്‍ വെറും മൂന്ന് ഓവറില്‍ നിന്ന് 16.3 എന്ന ഉയര്‍ന്ന എക്കോണമി റേറ്റില്‍ 49 റണ്‍സാണ് അശ്വിന്‍ വിട്ടുകൊടുത്തത്. കുറഞ്ഞത് രണ്ട് ഓവറെങ്കിലും എറിഞ്ഞ ബൗളര്‍മാരില്‍ ഏറ്റവും മോശം എക്കോണമി റേറ്റാണിത്.
ഇനി ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമില്‍ വരുത്താനിരിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാകും എന്നാണ് ആരാധകര്‍ ആകാക്ഷയോടെ കാത്തിരിക്കുന്നത്. ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പോരായ്മകളെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്.
ടീമിന്‍ ജെയ്മി ഓവര്‍ട്ടണിനെ മാറ്റി ഡെവോണ്‍ കോണ്‍വെയെ കൊണ്ടുവരണമെന്നും അന്‍ഷുല്‍ കാംബോജിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും ശ്രീകാന്ത് പറഞ്ഞു. എന്നാല്‍ ഓഫ് സ്പിന്നര്‍ അശ്വിനെ മാറ്റെരുതെന്നും താരത്തിന് പവര്‍പ്ലെയില്‍ പന്ത് നല്‍കുന്നതിന് പകരം ഏഴാം ഓവറിനും 18ാം ഓവറിനും ഇടയില്‍ കളിപ്പിക്കണമെന്നുമാണ് മുന്‍ താരം പറഞ്ഞത്.
‘ജെയ്മി ഓവര്‍ട്ടണിന് പകരം ഡെവോണ്‍ കോണ്‍വെ ടീമിലേക്ക് വരണം, അന്‍ഷുല്‍ കാംബോജിനെയും ടീമില്‍ ഉള്‍പ്പെടുത്തണം. എന്നാല്‍ അശ്വിനെ ഒഴിവാക്കാനും പാടില്ല, പവര്‍പ്ലേയില്‍ അവന് പന്ത് നല്‍കാതിരിക്കാം. ഏഴാം ഓവറിനും പതിനെട്ടാം ഓവറിനും ഇടയില്‍ അശ്വിന് മികച്ച രീതിയില്‍ പന്തെറിയാന്‍ സാധിക്കും.
ജഡേജയും നൂര്‍ അഹമ്മദും ഉള്ളതിനാല്‍ അവര്‍ക്ക് കുറഞ്ഞത് 10 ഓവറുകളിലെങ്കിലും എളുപ്പത്തില്‍ സ്ലിപ്പ് ചെയ്യാന്‍ കഴിയും. ഞാന്‍ ത്രിപാഠിയെ ഒഴിവാക്കി കാംബോജിനെയും ഓവര്‍ട്ടണിന് പകരം കോണ്‍വേയെയും കൊണ്ടുവരും,’ ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
Content Highlight: IPL 2025: Kris Srikkanth Talking About Chennai Super Kings And Ashwin