Movie Day
പ്രണവിന്റെ ആ ലുക്ക് എയറിലായതിന് കാരണം അതാണ്; എമ്പുരാന്റെ കാര്യത്തില്‍ എനിക്ക് മുന്നില്‍ ഒറ്റ ചലഞ്ചേ ഉണ്ടായിരുന്നുള്ളൂ: ശ്രീജിത് ഗുരുവായൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 02, 12:19 pm
Wednesday, 2nd April 2025, 5:49 pm

എമ്പുരാന്‍ അവസാനിക്കുന്നത് സ്റ്റീഫന്റെ യഥാര്‍ത്ഥ കഥയ്ക്ക് തുടക്കമിട്ടുകൊണ്ടാണ്. തികച്ചും അപ്രതീക്ഷിതമായിട്ടാണ് സ്റ്റീഫനായി ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിന്റെ എന്‍ട്രി വരുന്നത്.

മുംബൈയിലെ ഒരു മാര്‍ക്കറ്റില്‍ നിന്നുള്ള ആക്ഷന്‍ രംഗത്തിലാണ് പ്രണവിനെ കാണിക്കുന്നത്. 1980 കളിലെ ഒരു ഗെറ്റപ്പിലാണ് പ്രണവ് ചിത്രത്തില്‍ എത്തുന്നത്. ഒറ്റ നോട്ടത്തില്‍ പഴയ മോഹന്‍ലാല്‍ എന്ന് തോന്നിപ്പിക്കുന്ന അതേ ലുക്കാണ് പ്രണവിന് നല്‍കിയിരിക്കുന്നത്.

എമ്പുരാനില്‍ പ്രണവിന്റെ ലുക്ക് ചെയ്തത് മേക്കപ്പ് ആര്‍ടിസ്റ്റ് ശ്രീജിത്ത് ഗുരുവായൂര്‍ ആണ്. വര്‍ഷങ്ങള്‍ക്കു ശേഷം എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലെ പ്രണവിന്റെ പ്രായമായ ലുക്കും മേക്കപ്പുമെല്ലാം വലിയ ട്രോളുകള്‍ക്ക് വിധേയമായിരുന്നു.

അത്തരമൊരു ഘട്ടത്തില്‍ അടുത്തതായി എത്തുന്ന പ്രണവിന്റെ ചിത്രമെന്ന നിലയ്ക്ക് തനിക്ക് അതൊരു ചലഞ്ചായിരുന്നെന്ന് ശ്രീജിത്ത് പറയുന്നു. വര്‍ഷങ്ങള്‍ക്കുശേഷത്തിലെ പ്രണവിന്റെ ലുക്കിന് വിമര്‍ശനങ്ങള്‍ വരാന്‍ ചില കാരണങ്ങള്‍ ഉണ്ടെന്നും ശ്രീജിത്ത് പറയുന്നു.

‘പ്രണവിന്റെ ആ ലുക്ക് എയറിലാകുന്നത് എന്താണെന്ന് വെച്ചാല്‍ ചില വര്‍ക്കില്‍ ചില മേക്കപ്പ് ആര്‍ടിസ്റ്റുകള്‍ ചില ലിമിറ്റേഷന്‍സിലൂടെ കടന്നുപോകും.

അത്തരം ലിമിറ്റേഷന്‍സ് ആര്‍ടിസ്റ്റിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമ്പോള്‍ ആ ലിമിറ്റേഷന്‍സ് നമുക്ക് സ്‌ക്രീനില്‍ കാണുമ്പോള്‍ അത് ഇന്ന കാരണം കൊണ്ടാണ് എന്ന് പറയാന്‍ പറ്റില്ല. എക്‌സ്‌ക്യൂസസ് ഇല്ല.

എക്‌സ്‌ക്യൂസസ് ഇല്ലാതാകുമ്പോള്‍ തന്നെയാണ് ക്രിയേറ്റീവ് ആയിട്ടുള്ള ഒരാള്‍ പെര്‍ഫെക്ഷനിലേക്ക് എത്തുക. ഈ ചലഞ്ച് എനിക്കുമുണ്ടായിരുന്നു.

എമ്പുരാനിലെ പ്രണവിന്റെ ലുക്കില്‍ ഒരു കാലഘട്ടമുണ്ട്. അതില്‍ അദ്ദേഹത്തിന്റെ മേക്കോവര്‍ ഡിമാന്റ് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് അദ്ദേഹത്തിന്റെ കൂടെ ട്രയല്‍ ചെയ്യണമെന്ന് ഞാന്‍ പൃഥ്വയോട് പറഞ്ഞു. ഓക്കെ ടേക്ക് യുവര്‍ ടൈം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഷൂട്ടിന്റെ പ്രോസസ് നടക്കുമ്പോഴാണ് പ്രണവുമായി അപ്രോച്ച് ചെയ്യുന്നത്. പ്രണവിനെ നമുക്ക് എല്ലാവര്‍ക്കും അറിയാം. അദ്ദേഹം ട്രാവല്‍ ചെയ്യുന്ന, അതിഷ്ടപ്പെടുന്ന ആളാണ്.

ലാല്‍സാറിനൊപ്പം ഒരുപാട് വര്‍ക്ക് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കംഫര്‍ട്ട് സോണ്‍ നമുക്കറിയാം. പക്ഷേ പ്രണവിലേക്ക് എത്തുമ്പോള്‍ പ്രണവിന് ചുറ്റുമുള്ള ആളുകള്‍ പ്രണവിന്റെ എല്ലാ കാര്യങ്ങളിലും ഭയങ്കര കോണ്‍ഷ്യസും കണ്‍സേണുമാണ്.

അപ്പോള്‍ നമ്മളും ആ ഒരു മൊമന്റില്‍ തന്നെയായിരുന്ന.ു പുള്ളിയുമായി ഞാന്‍ ആദ്യംവര്‍ക്ക് ചെയ്യുകയായിരുന്നു. പ്രീ വര്‍ക്ക് എന്ന രീതിയില്‍ അദ്ദേഹത്തിന്റെ ചെന്നൈയിലുള്ള ലാല്‍സാറിന്റെ വീട്ടിലേക്ക് പോകുകയാണ്.

ഞാന്‍ എത്തുന്നതിന്റെ 15 മിനുട്ട് മുന്നേ അദ്ദേഹം എന്നെ തിരിച്ചുവിളിച്ചു. പുള്ളിയുടെ നമ്പര്‍ എന്റെ കൈയിലില്ല. എനിക്ക് ശബ്ദം മനസിലായതുമില്ല. ശ്രീജിത്ത് ഭായ് അല്ലേ ചെന്നൈയിലേക്ക് വന്നുകൊണ്ടിരിക്കുകയല്ലേ എന്ന് ചോദിച്ചു. ഞാന്‍ സിദ്ധു ചേട്ടന്‍ പറഞ്ഞിട്ട് വിളിക്കുകയാണ് എന്ന് പറഞ്ഞപ്പോള്‍ എനിക്ക് പെട്ടെന്ന് ആളെ മനസിലായി.

ഞാന്‍ കൃത്യസമയത്ത് തന്നെ എത്തുമെന്ന് പറഞ്ഞു. നമുക്കൊരു എക്‌സൈറ്റ്‌മെന്റ് ഉണ്ട്. പറഞ്ഞു കേട്ട പ്രണവിന്റെ ചില ഇഷ്ടങ്ങളൊക്കെ. നമുക്കറിയില്ല അത് എങ്ങനെ ആയിരിക്കുമെന്ന്.

ഞാനും എന്റെ മേക്കപ്പ് ആര്‍ടിസ്റ്റും കൂടിയാണ് പോയത്. എന്റെ കയ്യില്‍ ബാഗുണ്ട്. ബാഗെടുത്ത് ചെന്ന് വിഗ്ഗിന്റെ പ്രോസസ് തുടങ്ങി. പുള്ളി ഞങ്ങളുടെ തൊട്ടടുത്ത് ഞങ്ങള്‍ ചെയ്യുന്നതും നോക്കി നില്‍ക്കുകയാണ്.

പുള്ളിക്ക് വേണ്ടി അവിടെ ഒരു കസേര ഇട്ടിട്ടുണ്ട്. പുള്ളി അവിടെ ഇരിക്കാതെ നമ്മുടെ അടുത്ത് വന്നിട്ട് ഓരോ കാര്യങ്ങള്‍ കൗതുകത്തോടെ നോക്കുകയാണ്. കൂടെയുള്ള ആളെ അറിയാന്‍ ശ്രമിക്കുക, അവര്‍ക്കൊപ്പം നില്‍ക്കുക, അങ്ങനെയുണ്ടല്ലോ.

അങ്ങനെ ഞാന്‍ ഹെയറൊക്കെ ഔട്ട് ലുക്ക് ചെയ്ത സമയത്ത് പുള്ളി നേരെ സുചി ചേച്ചിയുടെ അടുത്ത് ചോദിച്ചു. അമ്മാ എങ്ങനെയുണ്ടെന്ന്. ചേച്ചി ഹാപ്പിയായി. ഭയങ്കര കംഫര്‍ട്ടായിരുന്നു നമ്മള്‍.

ഔട്ട് ലുക്ക് കഴിഞ്ഞ് ഞാന്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ എന്റെ ബാഗെടുത്ത് പുള്ളി പിറകില്‍ വരികയാണ് . അയ്യോ അയ്യോ എന്ന് ഞാന്‍ പറഞ്ഞു.

ആക്ടേഴ്‌സ് ആണെങ്കിലും ആരാണെങ്കിലും നമുക്ക് കിട്ടുന്ന ചില ഹൈപ്പുകളും അഭിനന്ദനങ്ങളും ഉണ്ടാകും. അത് നമ്മുടെ ഉള്ളില്‍ എന്തെങ്കിലുമൊക്കെ അഹങ്കാരമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ 2 മിനുട്ട് പ്രണവുമായി സംസാരിച്ചാല്‍ അത് ഇല്ലാതാവും.

മേക്കപ്പ് ആര്‍ടിസ്റ്റ് എന്ന നിലയില്‍ ഇത്രയും കാലത്തെ കരിയര്‍ എടുത്തു കഴിഞ്ഞാല് പ്രണവ് എന്ന വ്യക്തി നമ്മളില്‍ ഉണ്ടാക്കിയ ഇംപാക്ട് അത്രയും വലുതാണ്,’ ശ്രീജിത്ത് ഗുരുവായൂര്‍ പറഞ്ഞു.

Content Highlight: Make up Artist Sreejith Guruvayoor about Pranav Mohanlal Look on Empuraan