മലയാളത്തിൽ ശ്രദ്ധേയമായ ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് സച്ചി – സേതു. ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ ഇരുവരും അവസാനമായി ഒന്നിച്ചത് ഡബിൾസ് എന്ന മമ്മൂട്ടി ചിത്രത്തിൽ ആയിരുന്നു. ശേഷം രണ്ടുപേരും സ്വതന്ത്ര തിരകഥാകൃത്തുക്കളായി മാറി.
വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഹിറ്റ് ചിത്രമായിരുന്നു സീനീയേർസ്. ജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മനോജ്. കെ. ജയൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ക്യാമ്പസ് പശ്ചാത്തലത്തിലായിരുന്നു കഥ പറഞ്ഞത്.
നാല് സീനിയേർസ് പഠിച്ച കോളേജിലേക്ക് തിരിച്ചെത്തുകയെന്ന ഐഡിയയിൽ നിന്നാണ് ചിത്രം ഉണ്ടാവുന്നതെന്നും എന്നാൽ കഥ കിട്ടിയത് ഒരുപാട് ആലോചിച്ചിട്ടാണെന്നും സേതു പറയുന്നു. അന്ന് കുഞ്ചാക്കോ ബോബനും ബിജു മേനോനും ഇന്നത്തെ സ്റ്റാർ വാല്യൂ ഉണ്ടായിരുന്നില്ലെന്നും സേതു പറയുന്നു. മാസ്റ്റർ ബിന്നിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
‘പതിനാല് വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് പഠിച്ചിരുന്ന സഹപാഠികൾ അതേ കോളേജിലേക്ക് തന്നെ പോവുന്നു എന്ന ചിന്തയിൽ നിന്നാണ് സീനിയേർസ് എന്ന സിനിമ ഉണ്ടാവുന്നത്. പക്ഷെ അതിനൊരു കാരണം ഉണ്ടാവണം.
ആദ്യത്തെ തോട്ട് കോളേജിലേക്ക് തിരിച്ച് പോവുക എന്നതാണ്. അങ്ങനെ തിരിച്ച് പോവുമ്പോൾ അവർ അവിടെ സീനിയേർസാണ്. അങ്ങനെ സിനിമയുടെ പേര് കിട്ടി. സീനിയേർസ്.
പക്ഷെ ഞങ്ങൾക്ക് കിട്ടാതിരുന്നത് ഇതിന്റെ കഥയാണ്. പതിനാല് വർഷങ്ങൾക്ക് ശേഷം ആ കോളേജിലേക്ക് പോവാൻ തീരുമാനിച്ചു, പക്ഷെ എന്തിനുവേണ്ടി പോവുന്നു എന്നത് തീരുമാനിക്കാൻ ഞങ്ങൾക്ക് കുറെ സമയം വേണ്ടി വന്നു.
ഇന്ന് നമ്മൾ കാണുന്ന നായക നടന്മാർ ആയിരുന്നില്ല അവരന്ന്. ഇന്നത്തെ ചാക്കോച്ചനും ഇന്നത്തെ ബിജു മേനോനും ഒന്നുമായിരുന്നില്ല അവർ. ബിജു അന്ന് ഹീറോയായിട്ടില്ല. അവരൊക്കെ വെച്ച് ഒരു ഹ്യൂമർ കഥ പറയാൻ പോകുമ്പോൾ അത് വരെ കണ്ടുവന്നേക്കുന്ന അവരുടെ രീതിയല്ല നമ്മൾ കാണിക്കാൻ പോവുന്നത്.
അപ്പോൾ പുതുമയുള്ള വിഷയം നൂറ് ശതമാനം ഹ്യൂമറിലൂടെ പറഞ്ഞാൽ നിൽക്കുമോ എന്നത് ഒരു സംശയമായിരുന്നു. ഇതായിരുന്നു സീനിയേർസ് ചെയ്യാൻ ഞങ്ങൾക്ക് വലിയ വെല്ലുവിളിയായത്,’സേതു പറയുന്നു.