ബ്യൂണസ് ഐറസ്: സുപ്രീം കോടതിയിലേക്ക് രണ്ട് ജഡ്ജിമാരെ നാമനിര്‍ദേശം ചെയ്ത അര്‍ജന്റീന പ്രസിഡന്റ് ജാവിയര്‍ മിലെയുടെ രണ്ട് നോമിനികളുടെ നിയമനം സെനറ്റ് റദ്ദാക്കി. നിലവിലെ ഫെഡറല്‍ ജഡ്ജിയായ ഏരിയല്‍ ലിജോ, മാനുവല്‍ ഗാര്‍സിയ-മാന്‍സില എന്നിവരെ പരമോന്നത കോടതിയിലെ ജഡ്ജിമാരായി നിര്‍ദേശിച്ച ജാവിയര്‍ മിലെയുടെ ഉത്തരവാണ് സെനറ്റ് വോട്ടെടുപ്പിലൂടെ തടഞ്ഞത്.
ഫെബ്രുവരിയിലാണ് ഇവരെ നിയമിക്കാനുള്ള ഉത്തരവ് ജാവിയര്‍ മിലെ പുറപ്പെടുവിച്ചത്. എന്നാല്‍ ഇരുവരുടേയും നിയമനത്തിനെതിരെ നിയമജ്ഞര്‍, രാഷ്ട്രീയക്കാര്‍, മറ്റ് സംഘടനകള്‍ എന്നിവര്‍ രംഗത്ത് വന്നു. കേവലം ഒരു ഉത്തരവിലൂടെ ജഡ്ജിമാരെ നിയമിക്കാന്‍ പ്രസിഡന്റിന് കഴിയില്ലെന്നും തങ്ങളത് അംഗീകരിക്കില്ലെന്നും പ്രതിപക്ഷ സെനറ്ററായ ജോസ് മായന്‍സ് പറഞ്ഞു.
പ്രസിഡന്റിന്റെ നോമിനിയായ ഗാര്‍സിയ മാന്‍സിലയുടെ നിയമനത്തെ 20 നെതിരെ 51 വോട്ടുകള്‍ക്കും ഓരിയല്‍ ലിജോയുടെ നിയമനത്തെ 27നെതിരെ 43വോട്ടുകള്‍ക്കുമാണ് സെനറ്റര്‍മാര്‍ തള്ളിക്കളഞ്ഞത്.
വോട്ടെടുപ്പിനുശേഷം മിലേയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വോട്ടെടുപ്പിനെ അപലപിക്കുകയും സെനറ്റ് അര്‍ജന്റീനിയുടെ ഭാവിയെ തടസപ്പെടുത്താന്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിക്കുകയും ചെയ്തു.
പ്രസിഡന്റ് നിര്‍ദേശിച്ച നോമിനികളെ സെനറ്റ് നിരസിച്ചത് തികച്ചും രാഷ്ട്രീയ കാരണങ്ങളാലാണെന്നും അല്ലാതെ യോഗ്യതയുടെ പേരിലെല്ലെന്നും പ്രസ്താവനയില്‍ ആരോപിച്ചു. കോടതിയിലെ രണ്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് നീതിയെ തടസപ്പെടുത്താനുള്ള ശ്രമമാണെന്നും പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
അഞ്ച് ജഡ്ജിമാര്‍ ഉള്‍ക്കൊള്ളുന്ന കോടതിയിലെ ഒഴിവുള്ള രണ്ട് സീറ്റുകള്‍ നികത്താനാണ് പ്രസിഡന്റ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ അര്‍ജന്റീനയിലെ നിയമപ്രകാരം പ്രസിഡന്റിന് നാമനിര്‍ദേശം നടത്താന്‍ മാത്രമാണ് അധികാരമുള്ളത്. ഈ നിര്‍ദേശം സെനറ്റ് പാസാക്കിയാല്‍ മാത്രമെ നിയമനം നടക്കുള്ളൂ.
അഴിമതി വിരുദ്ധ അന്വേഷണ ഏജന്‍സികളില്‍ നിന്നും കള്ളപ്പണം വെളുപ്പിക്കല്‍, ജുഡീഷ്യല്‍ അധികാരം ദുരുപയോഗം ചെയ്യല്‍, ഫെഡറല്‍ കോടതിയിലെ അഴിമതി കേസുകള്‍ തടഞ്ഞുവെക്കല്‍ എന്നീ ആരോപണങ്ങള്‍ നേരിടുന്നയാളാണ് ഏരിയല്‍ ലിജോ.
ഗര്‍ഭഛിദ്രം പോലുള്ള സാമൂഹിക വിഷയങ്ങളില്‍ ഗാര്‍സിയ മാന്‍സില സ്വീകരിച്ച യാഥാസ്ഥിതിക നിലപാടുകള്‍ക്ക്, സെനറ്റില്‍ നിന്ന് പലപ്പോഴും എതിര്‍പ്പ് നേരിടുന്നതിന് കാരണമായിട്ടുണ്ട്.
Content Highlight: Setback for Argentine president; Senate blocks appointment of two Supreme Court judges